മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് മലപ്പുറത്തും വളാഞ്ചേരിയിലെ വസതിയിലും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
കെ.ടി ജലീലിനെ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. വളാഞ്ചേരിയിലെ വസതിക്കുമുന്നിൽ എംഎസ്എഫും കെഎസ്‌യുയും പ്രതിഷേധം നടത്തി. ഇതിന് പിന്നാലെ മന്ത്രിയുടെ തവനൂരിലെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും എംഎൽഎയുമായ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ കെടി ജലീലിന്‍റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ശനിയാഴ്‌ച രാവിലെ ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും.