മലപ്പുറം: ആശുപത്രികൾ ചികിത്സ നിഷേധിച്ച യുവതിയുടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസും യൂത്ത് ലീഗ് പ്രവർത്തകരും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ശരീഫ്- ഷഹല ദമ്പതികളുടെ ഇരട്ടകുട്ടികളാണ് ആരോഗ്യവകുപ്പിന്‍റെ അനാസ്ഥ മൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഷഹല തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടികളെ കിഴിശ്ശേരി, തവനൂർ വലിയ ജുമാ മസ്‌ജിദ് കബർ സ്ഥാനിൽ കബറടക്കി. ഈ സാഹചര്യത്തിലാണ് യുവജന സംഘടനകൾ ആരോഗ്യ വകുപ്പിന്‍റെ വീഴ്‌ചയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയത്.
മഞ്ചേരി മെഡിക്കൽ കോളജിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. മാർച്ച് യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം ഉദ്‌ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളിയാണ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തത്.
മഞ്ചേരി മെഡിക്കൽ കോളജിനെതിരെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, മന്ത്രി ഓൺലൈൻ വഴി വകുപ്പ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചു. സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.