മലപ്പുറം: നിലമ്പൂർ മേഖലയിൽ ഡെങ്കിപ്പനി, എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും തൊഴിലുറപ്പ് തൊഴിലാളികൾ ഓടകൾ ഉൾപ്പടെ നന്നാക്കുന്നത് സുരക്ഷാ സംവിധാനങ്ങളില്ലാതെ. ചാലിയാർ പഞ്ചായത്തിലെ തൊഴിലാളികളാണ്, നിലമ്പൂർ - നായാടംപൊയിൽ മലയോരപാതയിൽ മൈലാടിയിൽ റോഡിന്‍റെ ഓവുചാലിലെ മണ്ണ് നീക്കി ഒരുക്ക് സുഗമമാക്കാൻ സൗകര്യമൊരുക്കുന്നത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന് തൊഴിലാളിയായ നാരായണി പറഞ്ഞു. മൈലാടി ക്ലബ് സൗജന്യമായി നൽകിയ 10 കൈയുറകൾ ഉപയോഗിച്ചാണ് ഇവർ ജോലി ചെയ്യുന്നത്. മഴക്കാലത്ത് രോഗഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്ന് മറ്റൊരു തൊഴിലാളിയായ ലക്ഷ്മി പറയുന്നു.
മഴക്കാലപൂർവ്വ രോഗങ്ങൾ തടയാൻ ഗ്രാമ പഞ്ചായത്തും, ആരോഗ്യ വകുപ്പും വ്യാപകമായി ബോധവത്ക്കരണ ക്യാമ്പുകൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യാതൊരു സുരക്ഷയുമില്ലാതെ ഓവുചാലുകളിലും മറ്റും തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയുന്നത്. കൊവിഡിൽ പ്രതിസന്ധി നിലനിൽക്കുമ്പോഴും മാസ്കുകൾ പോലും ഇവർക്കിടയിൽ വിതരണം നടത്തിയിട്ടില്ല.