മലപ്പുറം: കാറ്റിലും മഴയിലും ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപക നാശം. പാട്ടക്കർഷകരുടെ നേന്ത്രവാഴകൾ നിലംപതിച്ചു. പുനർനിർമാണം പുരോഗമിക്കുന്ന പ്രളയത്തിൽ തകർന്ന വീടുകള്‍ക്കും കാറ്റിൽ കേടുപാടുകള്‍ സംഭവിച്ചു. നിലമ്പൂർ പോത്തുകല്ല്, മുണ്ടേരി, മരുത മേഖലകളിലാണ് മഴയും കാറ്റും നാശം വിതച്ചത്. മുണ്ടേരിയിൽ പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുന്ന തയ്യിൽ നിസാബുദ്ധീന്‍റെ തോട്ടത്തിലെ 4000ഓളം വാഴകളാണ് നശിച്ചത്.
സമീപത്തെ പള്ളിപ്പുറത്ത് കരീമിന്‍റെ തോട്ടത്തിലും ആയിരത്തോളം വാഴകൾ നിലംപതിച്ചു. കരീമും പാട്ടക്കർഷകനാണ്. ഓണ വിപണി ലക്ഷ്യം വച്ച് കൃഷിയിറക്കിയതായിരുന്നു ഇരുവരും. കരീമിന്‍റെ തോട്ടത്തില്‍ കഴിഞ്ഞ ദിവസം ആനക്കൂട്ടം ഇറങ്ങി 1350 വാഴകൾ നശിപ്പിച്ചിരുന്നു. മേലെ മുണ്ടേരിയിൽ വക്കച്ചൻ മറ്റത്തിലിന്‍റെ തോട്ടത്തിൽ മൂവായിരം കായ്‌ഫലമുള്ള കമുകുകളും കാറ്റിൽ ഒടിഞ്ഞുവീണു. പോത്തുകല്ല് കുനിപ്പാലയിലെ മുട്ടോറ കദീജയുടെ വീടിന്‍റെ മേൽക്കൂര കാറ്റിൽ പറന്നു പോയി.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന വീടായിരുന്നു ഇത്. അറ്റക്കുറ്റപ്പണി നടത്തി ചോർച്ച തടയൻ 65,000 രൂപ ചെലവിൽ അടുത്തിടെയാണ് മേൽക്കൂര സ്ഥാപിച്ചത്. നിർധന കുടുംബം കുടുംബശ്രീയിൽ നിന്ന് വായ്‌പയെടുത്തും നാട്ടുകാരുടെ സഹകരണത്തോട് കൂടിയുമാണ് മേൽക്കൂര നിര്‍മിച്ചത്. പ്രളയ സഹായമായി 10,000 രൂപ മാത്രമാണ് ഈ കുടുംബത്തിന് ലഭിച്ചത്.