മലപ്പുറം: കൂലി വേല പോലും ഇല്ലാത്ത ആദിവാസി കുടുംബം റേഷന്‍ കാര്‍ഡില്‍ സമ്പന്നർ. വിശപ്പടക്കണമെങ്കിൽ വലിയ വിലകൊടുത്ത് അരി വാങ്ങണം. കരുളായി ചെറിയ ഭൂമിക്കുത്ത് കോളനിയിലെ ബാലമണിക്ക് സിവില്‍ സപ്ലൈസ് വകുപ്പ് അനുവദിച്ചത് മുന്‍ഗണനേതര വിഭാഗത്തിനുള്ള വെള്ള കാര്‍ഡാണ്. സമ്പന്ന കുംടുബങ്ങള്‍ക്ക് അനുവദിക്കുന്ന റേഷന്‍ വിഹിതം മാത്രമാണ് ഇപ്പോൾ ബാലമണിക്കും കുടുംബത്തിനും ലഭിക്കുന്നത്. വെള്ള കാര്‍ഡിന് മാസത്തില്‍ ലഭിക്കുന്ന രണ്ടോ മൂന്നോ കിലോ അരി നാലംഗ കുടുംബത്തിന് തികയുന്നില്ല. പിന്നെ മാര്‍ക്കറ്റ് വില കൊടുത്ത് കടയില്‍ നിന്ന് അരി വാങ്ങണം. തറവാട് വീടിന് പാവപ്പെട്ടവര്‍ക്കുള്ള മഞ്ഞ കാര്‍ഡ് ഉള്ളതുകൊണ്ട് മാത്രമാണ് കൊവിഡ് കാലത്ത് പട്ടിണിയാകാതെ ഈ കുടുംബം കഴിയുന്നത്.
ഓഗസ്റ്റില്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള അരിയടക്കം വാങ്ങാന്‍ ഇവര്‍ റേഷന്‍ കടയില്‍ കൊടുത്തത് 210 രൂപയാണ്. 30 കിലോ അരി സൗജന്യമായി ലഭിക്കുന്ന മഞ്ഞ കാര്‍ഡിന് അര്‍ഹതയുണ്ടായിരിക്കേയാണ് റേഷന്‍ വാങ്ങാന്‍ ഇവര്‍ വന്‍ തുക നകുന്നത്. കഴിഞ്ഞ മാസം 15 രൂപ നിരക്കിലെ സ്‌പെഷ്യല്‍ അരി ഇല്ലാതായതിനാല്‍ ഇവര്‍ റേഷന്‍ വാങ്ങിയിട്ടേയില്ല. 2019 ആദ്യത്തില്‍ അനുവദിച്ച വെള്ള കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ സപ്ലൈ ഓഫിസ്, ഐ.ടി.ഡി.പി ഓഫിസ് എന്നിവ കയറിയിറങ്ങിയെങ്കിലും കാത്തിരിക്കാനായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. അതേസമയം സമീപത്തെ വലിയ ഭൂമിക്കുത്ത് കോളനിയിലെ ഒരു കുടുംബത്തിന് വെള്ള കാര്‍ഡാണ് ലഭിച്ചിരുന്നതെങ്കിലും ഐ.ടി.ഡി.പി അധികൃതര്‍ ആദിവാസി കുടുംബമെന്ന് റേഷന്‍ കാര്‍ഡില്‍ പ്രത്യേക സീല്‍ ചെയ്‌തതിനാല്‍ മുന്‍ഗണന കാര്‍ഡിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.