മലപ്പുറം : റമദാൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഇറക്കിയ ടൺ കണക്കിന് തണ്ണിമത്തൻ ലോക്ക് ഡൗൺ പ്രഖ്യാപനത്തിലൂടെ നശിക്കുന്നു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വാണിയമ്പലത്തെ പഴക്കച്ചവടക്കാരനായ പന്തലാകുന്നൻ നിയാസ് പറഞ്ഞു. വെറുതെ കൊടുക്കേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറയുന്നു.
പാറപ്പടിയിലെ കടമുറികളിൽ തണ്ണി മത്തൻ കിടന്ന് ചീയുകയാണ്. ആര്‍ക്കെങ്കിലും വെറുതെ കൊടുക്കാമെന്ന് വച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ കാരണം റോഡിലേക്കിറങ്ങുന്നവർ കുറഞ്ഞതോടെ അതിനും കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സമാന അവസ്ഥയായിരുന്നു പൈനാപ്പിൾ, മാമ്പഴം, മുസമ്പി മുതലായവയ്ക്കും. ഇവ സൗജന്യമായി വിതരണം ചെയ്തു.
Also Read:വിജയചരിതം, പ്രമുഖരുടെ സാന്നിധ്യം, പ്രൗഢഗംഭീരം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
ബാക്കിയുള്ള 4 ടൺ തണ്ണിമത്തൻ ജില്ല പഞ്ചായത്തംഗം കെ.ടി അജ്മൽ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയിലേക്ക് കൈമാറാൻ തീരുമാനിച്ചതായി നിയാസിന്‍റെ മൊത്തക്കച്ചവടത്തിന് ചുക്കാൻ പിടിക്കുന്ന എൻ.കെ സോമസുന്ദരൻ പറഞ്ഞു. നിയാസിന്‍റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ഇരുന്നൂറോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തിരുന്നു