മലപ്പുറം: സർക്കാരിന്‍റെ പിടിപ്പുകേടുമൂലമുണ്ടായ ഇൻസ്റ്റിറ്റ്യൂഷൻ കൊലപാതകമാണ് ദേവികയുടേതെന്ന് വി .ടി .ബൽറാം എം എൽ എ. യാതൊരു മുന്നൊരുക്കവും കൂടാതെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിന്‍റെ ഫലമായിട്ടാണ് വളാഞ്ചേരിയിൽ വിലപ്പെട്ട ഒരു ജീവൻ നഷ്‌ടമായത്. സർക്കാർ സർവ്വെ പ്രകാരം തന്നെ രണ്ടര ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ട യാതൊരുവിധ സംവിധാനവും നിലവിലില്ല. ഇത് മനസിലാക്കിയിട്ടും സർക്കാർ നിലപാടിൽ മാറ്റം വരുത്താത്തത് പഠനസൗകര്യമില്ലാത്ത കുട്ടികളോടുള്ള സർക്കാർ സമീപനം വ്യക്തമാക്കുന്നതാണെന്ന് എംഎൽഎ പറഞ്ഞു.
20 നിർധന വിദ്യാർഥികൾക്ക് കെപിസിസി മെമ്പർ ബാബുരാജ് ഓൺലൈൻ പഠനാവശ്യത്തിനുള്ള എൽ സി ഡി ടിവി നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. പിന്നീട് സർക്കാർ മലക്കം മറിയുകയായിരുന്നുവെന്നും ബാബുരാജിന്‍റെ ഇത്തരം പ്രവർത്തികൾ തികച്ചും അഭിനന്ദനാർഹമാണന്നും ബൽറാം പറഞ്ഞു. സർക്കാരിന്‍റെ വാശി മൂലം നിരവധി കുട്ടികളാണ് വിദ്യാഭ്യാസത്തിന്‍റെ മുഖ്യധാരയിൽ നിന്നും പുറംതള്ളപ്പെട്ടതെന്നും പഠിക്കാനുള്ള കുട്ടികളുടെ അവസരമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.