മലപ്പുറം: കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയാണ് നിയന്ത്രണമില്ലാതെ വർദ്ധിക്കുന്നത്. നിലമ്പൂരിലെ ചില്ലറ വിൽപ്പന ശാലകളിൽ ശനിയാഴ്ച്ച സവാള വില കിലോഗ്രാമിന് 100 മുതൽ 105 വരെയാണ്. എന്നാൽ ഇവ തീരെ ഗുണനിലവാരം കുറഞ്ഞവയാണ്. ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും സമാന സ്ഥിതിയാണ്. ചെറിയ ഉള്ളി 120 രൂപക്ക് വിൽപ്പന നടത്തുമ്പോ വെളുത്തുള്ളിക്ക് കിലോയ്ക്ക് 250 രൂപയാണ് വിൽപന.
സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികളിൽ ഭൂരിഭാഗവും തമിഴ്നാട് കേന്ദ്രീകരിച്ചുള്ള മെത്ത വിതരണക്കാരാണ് എത്തിക്കുന്നത്. സവാള സംഭരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നുമാണ്. മഹാരാഷ്ട്രയിൽ തുടർച്ചയായുള്ള മഴമൂലം ഉൽപ്പാദനം കുറഞ്ഞതാണ് സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില വർധനക്ക് കാരണം.
വിളവെടുത്ത സവാളയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും യഥാസമയം ഉണക്കി എടുക്കാൻ ആവാത്തതും ക്ഷാമത്തിന് കാരണമാണ്. സവാള വില വർധനക്കൊപ്പം മുരിങ്ങക്കായക്കും ഉയർന്ന വിലയാണ്. കിലോക്ക് 250 രൂപയാണ് വില. ഉരുളക്കിഴങ്ങിന് 34 രൂപയും ഇഞ്ചിക്ക് 100 രൂപക്കു പയർ, പച്ചമുളക് തുടങ്ങിയവക്ക് 50 രൂപയും, പാവയ്ക്കക്ക് 38 രൂപയുമാണ് വിപണിയിലെ വില.