മലപ്പുറം: ഓൺലൈൻ പെയ്മെന്‍റ് സംവിധാനം ഹാക്ക് ചെയ്‌ത് പണം തട്ടുന്ന രണ്ടുപേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തു. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് മഹാരാഷ്ട്രയിലെത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തിലേറെ രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ബാങ്ക് അക്കൗണ്ടുകളും ആമസോൺ, ഫ്ലിപ്‌കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ പെയ്മെന്‍റ് സംവിധാനങ്ങളും ഹാക്ക് ചെയ്‌ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെയിൽ സ്വദേശി ഭരത്പൂർ മുക്താദാനി, നവി മുംബൈയിൽ സ്വദേശി ക്രിസ്റ്റഫർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കാലത്ത് ഉറക്കമുണർന്ന പരാതിക്കാരന്‍റെ മൊബൈൽ ഫോണിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറിയ ചെറിയ സംഖ്യകളായി പണം പിൻവലിച്ചതിന്‍റെ മെസേജുകൾ കണ്ടു. അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്‌ട്ടപ്പെട്ടതായി മനസിലായത്. തുടർന്ന് മഞ്ചേരി പൊലീസിൽ പരാതി നൽകി. അർദ്ധരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിൽ ആണ് പ്രതികൾ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത്. പണം ട്രാൻസ്‌ഫർ ചെയ്യുന്നത് സംബന്ധിച്ച് മെസേജുകൾ ലഭിക്കുകയാണെങ്കിൽ ഇരകൾ ഇത് അറിയരുതെന്നതിനാലാണ് പുലർച്ചെ സമയങ്ങൾ ഇവർ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെ പ്രതികളെ അറസ്റ്റ് ചെയ്യുന്ന വേളയിലും ഇവർ ഹാക്കിങ്ങിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നിരവധി ബാങ്ക് അക്കൗണ്ടുകളും ഇ-വാലറ്റുകളും ഇവർ ഹാക്ക് ചെയ്‌തതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.