മലപ്പുറം : കടുവയിറങ്ങി മൂലേപ്പാടം 150-തിൽ നിന്ന് ഒരാഴ്‌ചയ്ക്കുള്ളില്‍ പിടികൂടിയത് രണ്ട് നായ്ക്കളെ. നിലമ്പൂർ - നായാടംപൊയിൽ മലയോരപാതയിൽ മൂലേപ്പാടം ഭാഗത്തെ മൂവായിരം വനമേഖലയിലാണ് കടുവ തമ്പടിച്ചിട്ടുള്ളത്.
ഞായറാഴ്‌ച പുലര്‍ച്ചെയാണ് വളര്‍ത്ത് നായക്ക് നേരെ വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. പുറത്താനകുത്തിയിൽ കുട്ടിയച്ചന്‍റെ നായയെയാണ് കടുവ ആക്രമിച്ചത്. കൂട്ടിൽ കിടന്ന നായയെ കഴുത്തിന് കടിച്ച് തുടൽ പൊട്ടിച്ച് കൊണ്ടുപോകാനാണ് കടുവ ശ്രമിച്ചത്.
ശബ്ദം കേട്ട് ടോർച്ച് അടിച്ച് നോക്കിയപ്പോൾ കടുവ ഓടി പോകുന്നത് കണ്ടതായി കുട്ടിയച്ചൻ പറഞ്ഞു. കഴുത്തിന് കടുവയുടെ കടിയേറ്റ നായ അവശനിലയിലാണ്.
ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്നാണ് 40 വർഷമായി ഇവിടെ സ്ഥിരതാമസമുള്ള കുട്ടിയച്ചൻ പറയുന്നത്. മറ്റ് വനമേഖലയിൽ നിന്നും പിടികൂടിയ കടുവയെ വനം വകുപ്പ് മൂവായിരം വനമേഖലയിൽ കൊണ്ടുവന്ന് വിട്ടതാകാം എന്ന് കരുതുന്നതായും ഇയാള്‍ ആരോപിച്ചു.
also read: ആലപ്പുഴയിലെ കൊലപാതകങ്ങൾ; സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം
ടാപ്പിങ് തൊഴിലാളിയായ പാറപ്പുറം സാബു എന്നയാള്‍ പുലര്‍ച്ചെ 5 മണിയോടെ ഈ കടുവയെ കണ്ടതായി പറഞ്ഞു. അതേസമയം കഴിഞ്ഞ തിങ്കളാഴ്‌ച ഒരു വളര്‍ത്തുനായയെ കടുവ പിടിച്ചുകൊണ്ട് പോയിരുന്നു.