മലപ്പുറം: മാവോ വാദി നേതാവ് സി.പി. ജലീല്‍ കെല്ലപ്പെട്ടതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് നിലമ്പൂര്‍ മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കി തണ്ടര്‍ബോള്‍ട്ട്, പൊലീസ് സേനകൾ. 2019 മാര്‍ച്ച് ആറിനാണ് വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പില്‍ മാവോവാദി നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. പണമാവശ്യപ്പെട്ട് റിസോര്‍ട്ടില്‍ മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസും അഞ്ചംഗ തണ്ടര്‍ബോള്‍ട്ട് സംഘവും നടത്തിയ ഏറ്റ് മുട്ടലിലാണ് ജലീൽ കൊല്ലപ്പെടുന്നത്.
പാണ്ടിക്കാട് സ്വദേശിയായ ജലീല്‍ കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷികത്തില്‍ നിലമ്പൂര്‍ മേഖലയില്‍ മാവോവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായി വഴിക്കടവ് ആനമറി ചെക്പോസ്റ്റിന് സമീപം വാഹനപരിശോധന നടത്തി. നാടുകാണി ചുരം വഴി അങ്ങോട്ടുമിങ്ങോട്ടുമുള്ള വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി.