മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.കെ സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു. മൂന്നു മണിക്കൂർ നീണ്ട സൂക്ഷ്മ പരിശോധനക്കൊടുവിലാണ് യുഡിഎഫിന്‍റെ പരാതി വരണാധികാരി തള്ളിയത്.
ജീവിത പങ്കാളിയുടെ വിവരങ്ങൾ സംബന്ധിച്ച കോളത്തിൽ ബാധകമല്ല എന്നെഴുതിയത് ബോധപൂർവമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നൽകിയത്. എന്നാൽ പത്രികയിലെ തെറ്റുകൾ ക്ലറിക്കൽ പിഴവ് മാത്രമാണെന്നാണ് എൽഡിഎഫ് വാദിച്ചത്. സ്വത്തു സംബന്ധിച്ചും ജീവിത പങ്കാളിയെ സംബന്ധിച്ചുമുള്ള വിവരങ്ങൾ മറച്ചുവെച്ചത് ബോധപൂർവമാണെന്ന യുഡിഎഫ് വാദമാണ് വരണാധികാരി തള്ളിയത്.
സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാള്‍ പാക്കിസ്ഥാന്‍ പൗരയാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവര്‍ ഹാജരാക്കി. സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും പരാതിയുയര്‍ന്നിരുന്നു. ഇരുവിഭാഗത്തിന്‍റെയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാന്‍ വരണാധികാരി തീരുമാനിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇടതുപക്ഷത്തിന്‍റെ വാദം.