മലപ്പുറം: താനൂർ ഒട്ടും പുറം കടപ്പുറത്ത് 96 കോടി രൂപ വിനിയോഗിച്ചുള്ള ഹാർബർ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. നബാര്‍ഡില്‍ നിന്നും 14.87 കോടി രൂപ കൂടെ ലഭ്യമായി. ഇതോടെ പുലിമുട്ട് വിപുലീകരണ പ്രവൃത്തിയും ഉടൻ തുടങ്ങും. ബോട്ട് ജെട്ടിയുടെ പൈലിങ് പൂർത്തിയായതോടെ ലേലപ്പുരയ്ക്കായുള്ള 32 പൈലുകളുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. ഒട്ടും പുറത്ത് തെക്ക് ഭാഗത്തേക്കുള്ള പുലിമുട്ട് 1050 മീറ്ററിൽ നിന്ന് 300 മീറ്റർ കൂടി ദീർഘിപ്പിക്കാനാണ് തീരുമാനം. അതേസമയം വടക്ക് ഭാഗത്തേക്കുള്ള 840 മീറ്റർ ദൈർഘ്യം 740 ആയി കുറയും. ഇതിന് ശേഷമാകും ഹാർബർ നിർമാണ പ്രവൃത്തി തുടങ്ങുകയെന്ന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.കെ മുഹമ്മദ് കോയ പറഞ്ഞു.
2014 ജനുവരിയിലാണ് താനൂർ ഒട്ടും പുറത്ത് ഹാർബർ നിർമാണം തുടങ്ങിയത്. പുലിമുട്ട് പൂർത്തീകരിക്കും മുമ്പ് ബോട്ട് ജെട്ടി നിർമിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്തുവരികയും പ്രവൃത്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ വി.അബ്‌ദുറഹ്മാൻ എംഎൽഎ മുൻകൈയ്യെടുത്ത് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുമായി ഒന്നിലേറെ തവണ സമവായ ചർച്ച നടത്തുകയും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒടുവിൽ പ്രശ്നങ്ങൾ പരിഹരിക്കുകയുമായിരുന്നു. അപ്രോച്ച് റോഡ്, ആഭ്യന്തര റോഡുകൾ, ജലവിതരണ സംവിധാനങ്ങൾ, ടോയ്ലറ്റ് ബ്ലോക്ക്, ലോക്കർ റൂം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവ പത്ത് ഏക്കറോളം വിസ്‌തൃതിയിലുള്ള ഹാർബറിലുണ്ടാകും. 2020 ഡിസംബറോടെ താനൂരിൽ ഹാർബർ യാഥാർഥ്യമാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് നിലവിൽ പ്രവൃത്തി പുരോഗമിക്കുന്നത്.