മലപ്പുറം: നാം വലിച്ചെറിയുന്ന പാഴ്വസ്തുക്കളിൽ വിസ്മയം സൃഷ്ടിക്കുകയാണ് മലപ്പുറം കണ്ണമംഗലം സ്വദേശി സുബ്രഹ്മണ്യൻ. വൈവിധ്യമാർന്ന ശിൽപ രൂപങ്ങൾ നിർമിച്ച് കാഴ്ചക്കാരുടെ മനം കവരുന്ന സുബ്രമണ്യൻ ചിത്രകല അധ്യാപകൻ കൂടിയാണ്.കഴിഞ്ഞ ഓണക്കാലത്ത് കൊവിഡ് മഹാമാരിക്കെതിരെ ജാഗ്രത പുലർത്തണമെന്ന സന്ദേശം നൽകുന്ന മാസ്ക്ക് ധരിച്ച മാവേലി ശിൽപമാണ് ഇതിൽ പ്രധാനം. കൊവിഡ് പ്രതിരോധ രംഗത്ത് മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന നഴ്സുമാരെ ആദരിക്കാൻ വേണ്ടി നിർമിച്ച നഴ്സിന്‍റെ കളിമൺ ശിൽപ്പവും ഈ കൂട്ടത്തിൽ എടുത്തുപറയേണ്ടത് തന്നെ.
മാമ്പഴം എന്ന കവിതയുടെ ശിൽപ്പാവിഷ്കാരം, നൂലുകളിൽ സൃഷ്ടിച്ചെടുത്ത ഗാന്ധി ചിത്രം, തിന വിത്ത് പാകി മുളപ്പിച്ച് ചെയ്ത ഗാന്ധി രൂപം, മെഴുകുതിരി കത്തിച്ച് ചെയ്ത ചാച്ചാജി, കളിമണ്ണിൽ തീർത്ത വിദ്യാർഥിനി, പൊലീസ്, ടീച്ചർ തുടങ്ങിയവയും ഇദ്ദേഹത്തിന്‍റെ മറ്റു ശ്രദ്ദേയമായ കലാരൂപങ്ങളാണ്. ഇതിന് പുറമെ പക്ഷികൾ, പഴങ്ങൾ വൃക്ഷങ്ങൾ, പച്ചക്കറികൾ, എന്നിവയുടെ രൂപങ്ങളും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. പലതും ഒറിജിനലിനോട് കിടപിടിക്കുന്നവയാണ്. ഓരോ നിർമാണവും മണിക്കൂറുകളെടുത്താണ് സുബ്രഹ്മണ്യൻ പൂർത്തിയാക്കുന്നത്.
ശില്‍പ നിർമാണത്തിന് കളിമണ്ണ് കൂടാതെ കെട്ടുകമ്പി, ചാർട്ടർ, പെയിന്‍റ്, നൂൽ, പേപ്പർ തുടങ്ങിയ വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് സുബ്രഹ്മണ്യൻ പറയുന്നു. കവിതാ രചനയിലും തൽപരനായ സുബ്രഹ്മണ്യൻ ഇപ്പോൾ പുകയൂർ മലബാർ സെൻട്രൽ സ്കൂളിലെ ചിത്രകല അധ്യാപകനാണ്.