മലപ്പുറം: പിഞ്ചു കുഞ്ഞും കോളജ് വിദ്യാർത്ഥിയും ഉൾപ്പെടെ 3 പേർക്ക് തെരുവു നായയുടെ കടിയേറ്റു. മലപ്പുറം മേലെ അരിപ്ര രണ്ടാം വാർഡിലാണ് മൂന്നുപേർ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടിയത്. കുട്ടിയെ സ്‌കൂളിലേക്ക് യാത്രയാക്കാൻ വാഹനം കാത്തുനിന്ന രക്ഷിതാവിനും കുഞ്ഞിനും മറ്റൊരു വിദ്യാർഥിക്കുമാണ് കടിയേറ്റത്.
ALSO READ: 'മന്ത്രിയുടെ നിലപാടില്‍ സന്തോഷം'; അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥിനി
ഐടിഐ വിദ്യാർഥി പ്രതുൽ രാജ്, അമീൻമുഹമ്മദ് (10 മാസം), റസാഖ് പേരയിൽ (40 വയസ്) എന്നിവർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. റസാഖ് 10 മാസം പ്രായമായ മകനെ എടുത്ത് വീടിന്‍റെ ഗെയ്‌റ്റില്‍ നിൽക്കുമ്പോഴാണ് സംഭവം. രാവിലെ കോളജിലേക്ക് പോകുവാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് ഐടിഐ വിദ്യാർത്ഥിക്ക് കടിയേറ്റത്. പ്രതുൽ രാജിനെ കടിച്ച തെരുവുനായ തന്നെയാണ് വീടിന്‍റെ ഗെയ്‌റ്റില്‍ നിൽക്കുന്ന ഉപ്പയേയും മകനേയും കടിച്ചത്.
തൊട്ടടുത്ത വാർഡിലെ പാലക്കത്തടം പ്രദേശത്ത് പൊലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങളിലും പരിസരത്തുമായി ആളുകൾ പുറന്തള്ളുന്ന മാലിന്യ കൂമ്പാരങ്ങളാണ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങൾ. ഈ വിഷയത്തിൽ വാർഡ് മെമ്പർ സ്വാലിഹ നൗഷാദ് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ALSO READ: സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി
മാലിന്യ നിക്ഷേപത്തിന് വഴിയൊരുക്കുന്ന തൊണ്ടി വാഹനങ്ങൾ മാറ്റാനും തെരുവുനായ്ക്കളെ നിയന്ത്രിക്കാനും കർശന നടപടി സ്വീകരിക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടു. കുട്ടികൾ സ്‌കൂളിലേക്ക് വരികയും പോവുകയും ചെയ്യുന്ന സമയത്ത് രക്ഷിതാക്കളും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് മെമ്പർ മുന്നറിയിപ്പുനൽകി.