മലപ്പുറം: 'എൻ്റെ മതം ഹിന്ദുവാണ്, വളർത്തമ്മ മുസ്‌ലിം ആണ്. ആരും എന്നോട് മതം മാറാൻ പറഞ്ഞിട്ടില്ല. ഈ പള്ളിയിൽ വന്ന് എൻ്റെ ഉമ്മയുടെ കബർ കാണുന്നതിന് എനിക്ക് യാതൊരു വിലക്കുമില്ല'- മലപ്പുറം കാളികാവ് സ്വദേശി ശ്രീധരൻ്റെ വാക്കുകളാണിവ. വളർത്തമ്മയുടെ കബറിടത്തിൽ നോമ്പ് കാലത്ത് പ്രാർഥന മുടക്കാതെ ശ്രീധരൻ എത്തും. കാളികാവ് അടയ്‌ക്കാക്കുണ്ട് പളളിയിൽ ജുമുഅ നമസ്‌കാരം നടക്കുമ്പേൾ പള്ളിത്തൊടിയിൽ ശ്രീധരനും പ്രാർഥന തുടങ്ങിയിട്ടുണ്ടാവും. തൻ്റെ വളർത്തമ്മയായ തെന്നാടൻ സുബൈദയുടെ കബറിന് സമീപമാണ് നോമ്പുനാളുകളിലെ വെള്ളിയാഴ്‌ചകളിൽ മുടങ്ങാതെ ശ്രീധരൻ്റെ പ്രാർഥന. സുബൈദയുടെ മക്കളായ ഷാനവാസും ജാഫറും നമസ്‌കാരം കഴിഞ്ഞ് എത്തിയാൽ ശ്രീധരൻ്റെ പ്രാർഥന അവരോടൊപ്പമാകും. ഗൾഫിലായിരുന്ന ശ്രീധരൻ ഫെബ്രുവരി 10 നാണ് നാട്ടിൽ തിരിച്ചെത്തിയത്.
സുബൈദയുടെ വളർത്തുമകനാണ് അടയ്ക്കാക്കുണ്ട് സ്വദേശി ശ്രീധരൻ. ശ്രീധരൻ്റെ അമ്മ ചക്കി തെന്നാടൻ സുബൈദയുടെ വീട്ടിലെ ജോലിക്കാരിൽ ഒരാളായിരുന്നു. ശ്രീധരന് ഒന്നര വയസുള്ളപ്പോഴാണ് ചക്കി മരിച്ചത്. അന്നുമുതൽ ശ്രീധരനെയും സഹോദരിമാരായ പതിനൊന്നുകാരി രമണിയെയും ആറ് വയസുകാരി ലീലയെയും തെന്നാടൻ വീട്ടിലെ അംഗങ്ങളായി സുബൈദ വളർത്തുകയായിരുന്നു. സ്വന്തം മക്കളായ ഷാനവാസ്, ജാഫർ, ജ്യോത്സ്ന എന്നിവർക്കൊപ്പം അവരെയും പഠിപ്പിച്ചു. ശ്രീധരനെ ഗൾഫിലേക്ക് അയച്ചു. മറ്റ് മക്കളെ പഠിപ്പിക്കുകയും അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
Read more: അസമിൽ ഹിമാന്ത മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
സുബൈദ മരിക്കുമ്പോൾ അടുത്തുണ്ടാകാൻ കഴിയാത്ത വിഷമം ശ്രീധരന് ഇന്നുമുണ്ട്. ഇപ്പോൾ 47 വയസുള്ള ശ്രീധരൻ കൊവിഡ് പ്രതിസന്ധിയിൽ ഗൾഫിലേക്ക് തിരിച്ച് പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. എല്ലാ വെള്ളിയാഴ്ചയും തെന്നാടൻ സുബൈദയുടെ കബറിന് സമീപം പ്രാർഥിക്കുന്ന ഗ്രീധരൻ നന്മയുടെയും സ്നേഹത്തിൻ്റെയും സന്ദേശമാണ് നൽകുന്നതെന്ന് അടയ്ക്കാക്കുണ്ട് ജുമാമസ്ജിദ് ഖാസി വഹാവുദ്ദീൻ ഫൈസി പറയുന്നു. ഈ വളര്‍ത്തുമകനും സുബൈദയുമായുളള സ്നേഹവും പ്രാര്‍ഥനയുമെല്ലാം നാടിനാകെ നന്മയുടെ സന്ദേശമാണ് പകരുന്നത്.