മലപ്പുറം: രണ്ടര വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം വൈകി കിട്ടിയ നീതിയാണ് സിദ്ദിഖ് കാപ്പന്‍റെ ജാമ്യമെന്ന് ഭാര്യ റൈഹാനത്ത്. യുപിയിലും ഡല്‍ഹിയിലുമായി കോടതികളില്‍ നിന്ന് കോടതികളിലേക്ക് കടലാസ് കെട്ടുകളുമായി നീങ്ങിയത് വെറുതെയായില്ലെന്ന് റൈഹാനത്ത് സമാശ്വസിക്കുന്നു. 25,000 രൂപ കൈവശം വയ്‌ക്കുന്നതും അത് ബാങ്ക് മുഖേന ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതുമൊക്കെ വലിയ കുറ്റമായി കണ്ട പൊലീസ് ഭീകരതയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ നടപടിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും റൈഹാനത്ത് പറയുന്നു.
കീഴ്‌ക്കോടതിയില്‍ നിന്നുതന്നെ ജാമ്യം കിട്ടേണ്ടിയിരുന്ന കേസ് ഹൈക്കോടതിയിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയായിരുന്നില്ലെന്നും അവര്‍ സൂചിപ്പിച്ചു. ഒരു തെളിവുകളുമില്ലാതെ രണ്ടര വർഷം അദ്ദേഹത്തിന്‍റെയും ഞങ്ങളുടെയും ജീവിതം ഇല്ലാതാക്കിയെന്നും റൈഹാനത്ത് പറഞ്ഞു. യുഎപിഎ കേസുകളില്‍ നിന്നും ഇ ഡി ചുമത്തിയ കേസുകളില്‍ നിന്നും ജാമ്യം ലഭിച്ചെങ്കിലും കാപ്പന് കോടതി നടപടികള്‍ തീര്‍ത്ത് എന്ന് നാടണയാന്‍ കഴിയുമെന്ന ആശങ്കയിലാണ് റൈഹാനത്തും കുടുംബവും.
Also read: ഇഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം ; ജയില്‍മോചനം സാധ്യമായേക്കും