മലപ്പുറം: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി അറസ്റ്റിൽ. ഉപ്പുവള്ളി സ്വദേശി മുണ്ടമ്പ്ര ഷാഫി എന്ന വടിവാൾ ഷാഫിയെ(25) ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി ആറിന് ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കാർ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഷാഫിയും സുഹൃത്ത് സജിലും പൂക്കോട്ടുംപാടം സ്വദേശിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
Also Read:വളാഞ്ചേരിയിലെ ഹോട്ടലില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നവര്‍ പിടിയില്‍
കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലായി ഒളിവിൽ താമസിച്ചു വരികയായിരുന്ന ഷാഫിയെ നിലമ്പൂർ ഡിവൈഎസ്‌പി കെ.കെ അബ്ദുൾ ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റിൽ നിന്ന് ചൊവ്വാഴ്‌ച രാത്രിയാണ് ഇയാൾ പിടിയിലായത്.
കവള മുക്കട്ട സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച കേസിൽ ഒളിവിൽ കഴിയവെ ആണ് ഷാഫി ഈ കേസിൽ പ്രതിയാവുന്നത്. ഇയാൾക്കെതിരെ വടിവാളും കഞ്ചാവും കൈവശം വെച്ചതിന് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലും വാഹന മോഷണത്തിന് കുറ്റിപ്പുറം സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കേസിൽ ഒന്നാംപ്രതിയായ സജിലിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.