മലപ്പുറം: വരാനിരിക്കുന്ന ലോകത്തെ കുറിച്ച് ചിന്തിക്കുന്ന വിദ്യാഭ്യാസ നയമാണ് യുഡിഎഫിൻ്റെ ജനകീയ മാനിഫെസ്റ്റോ മുന്നോട്ട് വെക്കുന്നതെന്ന് ശശി തരൂർ. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എടക്കരയിൽ വിദ്യാർഥികളോട് സംവദിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യകളെ തിരസ്‌കരിച്ച ഇടതുപക്ഷത്തിന് പുതിയ തലമുറയെ അഭിമുഖീരിക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎസ്എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി കേരള നെക്സ്റ്റ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങളും ആശങ്കകളും ജനകീയ മാനിഫെസ്റ്റോ ശിൽപി കൂടിയായ ശശി തരൂർ എംപിയോടും, നിലമ്പൂർ നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ. വി.വി. പ്രകാശനോടും പങ്ക് വെക്കാൻ അവസരം ഒരുക്കി.
മലപ്പുറം ഡിസിസി പ്രസിഡൻ്റ് ആര്യാടൻ ഷൗക്കത്ത്, കെപിസിസി ജനറൽ സെക്രട്ടറി വി.എസ്. ജോയ് എംഎസ്എഫ് ദേശീയ പ്രസിഡൻ്റ് ടി.പി. അഷ്റഫലി തുടങ്ങിയ നേതാക്കളും വിദ്യാർഥികളുമായുള്ള സംവാദത്തിൻ്റെ ഭാഗമായി. നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്‍റ് ആരിഫ് എ.പി, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി. അർജുൻ, എംഎസ്എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിഷ്ർ എന്നിവരും സന്നിഹിതരായിരുന്നു.