മലപ്പുറം: പ്രളയബാധിതർക്കായി നിലമ്പൂർ റോട്ടറി ക്ലബ് നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. നിലമ്പൂർ അരുവാക്കോട് നടന്ന ചടങ്ങിൽ മൂന്ന് വീടുകളുടെ താക്കോൽദാനമാണ് നടന്നത്. ആലത്തൂർ എം.പി. രമ്യാ ഹരിദാസ് വീടുകളുടെ താക്കോൽ കൈമാറി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ തയാറായ നിലമ്പൂർ റോട്ടറി ക്ലബിന്‍റെ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും അവർ പറഞ്ഞു.
നിലമ്പൂർ റോട്ടറി ക്ലബ് പ്രസിഡന്‍റെ യു നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുല്‍ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ് സെക്രട്ടറി പി.രാജഗോപാൽ, മുൻ ഡിസ്ട്രിക് ഗവർണർ ഡോ, ഇ.കെ, ഉമ്മർ, ഡോ. കേദാർനാഥ്, ഡോ. വാസുദേവൻ, സോണൽ സെക്രട്ടറി വിനോദ് പി മേനോൻ, പി.വി.സനൽകുമാർ എന്നിവർ സംസാരിച്ചു. ആറ് ലക്ഷം രൂപ എസ്റ്റിമേറ്റിൽ 23 വീടുകളാണ് പ്രളയബാധിതർക്കായി നിലമ്പൂർ റോട്ടറി ക്ലബ് നിർമിക്കുന്നത്. ഇതിൽ നിർമാണം പൂർത്തികരിച്ച നിലമ്പൂർ അരുവാക്കോടിലെ മൂന്ന് വീടുകളുടെ താക്കോലാണ് കൈമാറിയത്.