മലപ്പുറം: നൂറ്‌മേനി വിളവെടുപ്പിനൊരുങ്ങി റോഡ് വക്കിലെ നെൽകൃഷി. കരുവാരക്കുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരിയിലെ പൂവിൽ വീരാൻ എന്ന ബാപ്പുട്ടിയുടേതാണ് കൃഷി. സ്വന്തമായി പാടം ഇല്ലാത്തതിനാൽ ഈ 65 കാരൻ റോഡിനും വീടിനും ഇടയിലുള്ള സ്ഥലത്ത് കരനെൽ കൃഷി നടത്തുകയായിരുന്നു. പാടത്തും തരിശ് ഭൂമിയിലും മാത്രം നെൽകൃഷി കണ്ടിട്ടുള്ളവർക്ക് ബാപ്പുട്ടിയുടെ വീട്ടുമുറ്റത്തെ കൃഷി ഏറെ പുതുമയുള്ളതാണ്. നിരവധി പേരാണ് ഇവിടെ വാഹനങ്ങൾ നിറുത്തി റോഡരികിലെ നെൽകൃഷി കാണുന്നത്. നെൽ കൃഷിക്ക് മുന്നിൽ സെൽഫിയെടുക്കുന്നവരും കുറവല്ല.
അടുത്ത വർഷം കൂടുതൽ സ്ഥലത്ത് നെൽകൃഷി നടത്തുമെന്നും ഈ കർഷകൻ പറയുന്നു. പാട്ടത്തിന് ഭൂമി എടുത്ത് നെൽകൃഷി നടത്താനാണ് ആഗ്രഹം. ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാപ്പുട്ടി. രണ്ടാഴ്ച്ചക്കുള്ളിൽ റോഡരികിലെ നെൽകൃഷിയുടെ വിളവെടുപ്പ് നടത്താനിരിക്കുകയാണ് വീരാൻ എന്ന ബാപ്പുട്ടി.