മലപ്പുറം: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട്ടെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ക്രിസ്ത്യന്‍-മുസ്‌ലിം വൈരമില്ലെന്ന സന്ദേശം നല്‍കാനാണ് പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നേതൃത്വം പറഞ്ഞു.
കുന്നംകുളം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസും യാക്കോബ് മാര്‍ ഐറേനിയോസുമാണ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത്. ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി, ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും പങ്കെടുത്തു.
പള്ളി തർക്കത്തിലെ യാഥാർത്ഥ്യം എല്ലാ സമുദായ നേതാക്കളേയും ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മതവിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം അനുവദിക്കരുത്. ഇതൊരു സൗഹൃദ സന്ദർശനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള രാഷ്ട്രീയ ശ്രമം നടക്കുന്നവെന്നും അദ്ദേഹം വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെ സഭാ പ്രതിനിധികളുടെ സന്ദര്‍ശനത്തെ രാഷ്ട്രീയമായും വിലയിരുത്തപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്തെ ഓര്‍ത്തഡോക്‌സ് ദേവലോകം അരമനയിലെത്തി സഭാധ്യക്ഷന്മാരെ കണ്ടിരുന്നു. ഇരു സഭകള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്മാര്‍ പാണക്കാടെത്തി ചര്‍ച്ച നടത്തിയതെന്നതും പ്രധാനമാണ്.
ക്രിസ്തീയ വിഭാഗങ്ങൾ യുഡിഎഫിൽ നിന്നും അകന്നു കൊണ്ടിരുന്ന സാഹചര്യത്തിൽ മുന്നണി നടത്തിയ നീക്കങ്ങൾ ഫലം കാണുന്നു എന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുൻ നിരയിലേക്ക് വന്നത് തന്നെ ക്രിസ്ത്യൻ വിഭാഗങ്ങളെ യുഡിഎഫിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ കൂടെ ഭാഗമായാണ്.