മലപ്പുറം: ദിവസങ്ങളായി തുടരുന്ന തർക്കം പരിഹരിച്ച് വെളിയംതോട് തോടിന്‍റെ നവീകരണ പ്രവർത്തി പുനരാരംഭിച്ചു. തഹസിൽദാരുടെയും റവന്യൂ ഇൻസ്പെക്ടറുടെയും സാന്നിധ്യത്തിൽ സർവ്വേ നടത്തി കൈയേറ്റം നടന്ന ഭാഗം തിരിച്ചെടുത്താണ് നവീകരണം ആരംഭിച്ചത്. നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ 4 പ്രധാന തോടുകളാണ് പുനർജീവിപ്പിക്കുന്നത്.
നേരത്തെ വെളിയംതോട് നവീകരണ പ്രവർത്തിയിൽ ചിലർ തടസം നിന്നിരുന്നു. അതിനെ തുടർന്ന് സർവ്വേ നടത്തി കൈയേറ്റം ഒഴിപ്പിച്ചാണ് തോടിന്‍റെ നവീകരണം ആരംഭിച്ചത്. തോട്ടിലെ നീരൊഴുക്ക് തടയാതെ വെള്ളം ചാലിയാറിലേക്ക് എത്തും. ഒരാൾ താഴ്ച്ചയിൽ രണ്ട് കിലോമീറ്റർ നീളത്തിൽ പണി ഇതിനകം പൂർത്തിയായിട്ടുണ്ട്.
ALSO READ: ഈ സ്നേഹത്തിന് മുന്നില്‍ പൊലീസ് തോറ്റു, പുലാമന്തോളില്‍ നിന്നൊരു സുന്ദര കാഴ്ച
നാല് തോടുകളുടെയും നവീകരണ പ്രവർത്തി പൂർത്തിയായി കഴിഞ്ഞാൽ മഴക്കാലത്ത് നിലമ്പൂർ കെഎൻജി റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കി മഴക്കാലത്തെ ഗതാഗത തടസം നീക്കാൻ കഴിയുമെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു. വൈസ് ചെയർപേഴ്സൺ അരുമാ ജയകൃഷ്ണൻ, വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ പി എം ബഷീർ, ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ കക്കാടൻ റഹീം എന്നിവർ നവീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.