മലപ്പുറം: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ വിമര്‍ശനവുമായി പാട്ടക്കരിമ്പിലെ റീഗൽ എസ്റ്റേറ്റ് ഉടമ മുരുകേശ് പ്രഭാകർ. നിലമ്പൂര്‍ എംഎൽഎ പി.വി.അൻവർ പാട്ടക്കരിമ്പിലെ റീഗൽ എസ്റ്റേറ്റ് കയ്യേറിയെന്ന് ആര്യാടൻ ഷൗക്കത്ത് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ പ്രചരണം നടത്തുകയാണ്. 1975 മുതൽ തന്‍റെയും കുടുംബത്തിന്‍റെയും പേരില്‍ ആധാരം ചെയ്യപ്പെട്ട 20 ഏക്കറിലധികം ഭൂമി എംഎൽഎ കയ്യേറിയെന്ന കുപ്രചരണമാണ് ആര്യാടൻ ഷൗക്കത്ത് നടത്തുന്നതെന്നും മുരുകേശ് പ്രഭാകർ പറഞ്ഞു.
2014-ൽ കോടതിയിൽ നിന്നും ലഭിച്ച ഇഞ്ചക്ഷൻ ഓർഡർ പ്രകാരമാണ് സ്ഥലത്ത് പ്രവേശിക്കാനായത്. എന്നാല്‍ സ്ഥലത്തേക്ക് കയറാനുള്ള വഴിയടക്കമുള്ള കാര്യങ്ങളില്‍ തടസം നേരിട്ടിരുന്നു. 2015ൽ ആര്യാടൻ മുഹമ്മദിനെയും ആര്യാടൻ ഷൗക്കത്തിനെയും നിലമ്പൂരിലെ വീട്ടിലെത്തി താനും അമ്മയും സന്ദര്‍ശിച്ചിരുന്നു. എന്നാൽ പ്രശ്‌നത്തിൽ ഇടപെടില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ഇതേ തുടർന്നാണ് 2016 ഓഗസ്റ്റിൽ സ്ഥലത്തിന്റെ എല്ലാ രേഖകളുമായി പി.വി.അൻവർ എംഎൽഎയെ കണ്ടത്. രേഖകൾ പരിശോധിച്ച അദ്ദേഹം, തങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്‌തതെന്നും ഒരിക്കൽ പോലും അദ്ദേഹം എസ്റ്റേറ്റിൽ വന്നിട്ടില്ലെന്നും മുരുകേശ് കൂട്ടിച്ചേര്‍ത്തു.
പി.വി.അൻവറിനോടുള്ള വ്യക്തിവൈരാഗ്യത്തിന്‍റെയും രാഷ്ട്രീയ പകപോക്കലിന്‍റെയും പേരില്‍ തങ്ങളുടെ ഭൂമിപ്രശ്‌നം ഉയര്‍ത്തിക്കാട്ടുകയാണ്. നിലവിൽ തങ്ങളുടെ കൈവശമുള്ള ഭൂമി എങ്ങനെ എംഎൽഎ കയ്യേറിയെന്ന് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകണം. രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ച് ഷൗക്കത്ത് തങ്ങളുടെ സ്ഥലം വിൽക്കാതിരിക്കാൻ തരം താഴ്ന്ന പ്രചരണം നടത്തുകയാണെന്നും മുരുകേശ് പ്രഭാകർ പറഞ്ഞു.