റോസാപ്പൂ കുലകുലയായി പൂവിട്ടു നില്‍ക്കുന്ന നയനാനന്ദകരമായ കാഴ്‌ച കാണാന്‍ ഇനി പാര്‍ക്കുകളിലേക്കും ഉദ്യാനങ്ങളിലേക്കും പോകേണ്ട. സ്വന്തം വീട്ടുമുറ്റങ്ങളെ അലങ്കരിച്ച് നിങ്ങളുടെ കണ്‍വെട്ടത്തും വിരിയിക്കാം ഇനി റോസാപ്പൂ വസന്തം. നമ്മളൊക്കെ വെറുതെ കളയുന്ന ഒരു പദാര്‍ഥം അല്‍പ്പം ഒന്ന് കരുതി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും ഇത് സാധ്യമാവും.
എല്ലാ വീടുകളിലും നിത്യേന ഉപയോഗിക്കുന്ന അരി, കഴുകിയ ശേഷം ആ വെള്ളം നാം എന്താണ് ചെയ്യാറുള്ളത്? ഒരു കാര്യവുമില്ലാതെ ഒഴുക്കിക്കളയും. അത് ഒരു പാത്രത്തില്‍ ശേഖരിച്ച് വച്ച് പൂന്തോട്ടത്തില്‍ ഉപയോഗിച്ചാല്‍ മാറ്റം കണ്ടറിയാം. മനസിനും കണ്ണിനും കുളിര്‍മയേകി പൂക്കള്‍ വിടര്‍ന്ന് വിലസുന്ന പൂന്തോട്ടങ്ങള്‍ നിങ്ങള്‍ക്കും ഒരുക്കാനാവും.
നിങ്ങള്‍ പൂക്കളെയും പൂന്തോട്ടങ്ങളെയും ഇഷ്‌ടപ്പെടുന്നവരാണോ? എങ്കില്‍ ഈ ടിപ്പ് നിങ്ങള്‍ക്കുള്ളതാണ്. വെറൈറ്റികള്‍ നിരവധിയുള്ള ഒരിനമാണ് റോസ്. അതുകൊണ്ടു തന്നെ പൂന്തോട്ടമൊരുക്കുന്നവര്‍ ആദ്യം കൈവയ്‌ക്കുന്ന ഇനവും റോസാച്ചെടി തന്നെ.
റോസാച്ചെടികളുടെ വിവിധ വെറൈറ്റികള്‍ നഴ്‌സറിയില്‍ നിന്നും വാങ്ങിയ പലരും പിന്നീട് നിരാശരാവുന്നത് കാണാറുണ്ട്. നിറയെ പൂക്കള്‍ വിരിയുന്ന ചെടി എന്നാലിപ്പോള്‍ പൂക്കുന്നില്ലെന്ന് പലരും പറയുന്നതും കേള്‍ക്കാറുണ്ട്. അത്തരക്കാര്‍ക്ക് കൂടി ആഹ്ലാദം പകരുന്നതാണ് ഈ പൊടിക്കൈ. റോസ ചെടികള്‍ പൂത്തുലയാനുള്ള മാര്‍ഗം.
എത്ര കാലമായിട്ടും പൂക്കള്‍ വിരിയാത്ത ചെടികളില്‍ പൂ വിരിയിക്കാനുള്ള ടിപ്പാണിത്. വീട്ടില്‍ എന്നും ലഭിക്കുന്ന അരി വെള്ളം. അതായത് അരി കഴുകിയ വെള്ളം. ദിവസവും രാവിലെ അരി കഴുകിയ വെള്ളം റോസ ചെടികള്‍ക്ക് ഒഴിച്ച് കൊടുത്താല്‍ വേഗത്തില്‍ പുതിയ തളിരിലകളും മൊട്ടുകളും വിരിയും. വളം വാങ്ങി ഇനി പണം കളയാതെ തന്നെ പൂക്കള്‍ വിരിയിക്കാനാകും. അരി കഴുകിയ വെള്ളം എന്ന് കേട്ട് സംശയത്തോടെ നെറ്റി ചുളിക്കേണ്ടതില്ല.
ഈ വെള്ളത്തിന് മണ്ണിലെ നല്ല ബാക്‌ടീരിയകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. സ്ഥിരമായി ഈ വെള്ളം ഒഴിച്ച് കൊടുത്താല്‍ അത് ചെടികള്‍ തഴച്ച് വളരാനും പൂക്കള്‍ വിരിയാനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.
വിദഗ്‌ധ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ:
ഇന്തോനേഷ്യയിലെ ഹസനുദ്ദീന്‍ സര്‍വകലാശാലയിലെ ബയോളജി ഡിപ്പാര്‍ട്ട്‌മെന്‍റിലും മലേഷ്യയിലെ യൂണിവേഴ്‌സിറ്റി പുത്രയിലെ ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ലാന്‍ഡ് മാനേജ്‌മെന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റിലും നടത്തിയ പഠനങ്ങളില്‍ അരി കഴുകിയ വെള്ളം ചെടികളുടെ വളര്‍ച്ചക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി.
ഈ വെള്ളം ചെടികളുടെ വളര്‍ച്ചയെ പരിപോഷിക്കുകയും അവ പൂക്കുന്നതിനും കായ്‌ക്കുന്നതിനും കാരണമാകുകയും ചെയ്യുമെന്ന് പറയുന്നു. ഇതിന്‍റെ പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് ഈ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ്, മാംഗനീസ്, മറ്റ് സസ്യ ഘടകങ്ങള്‍ എന്നിവയുടെ സാന്നിധ്യമാണ്. ഇത് കൂടാതെ മറ്റ് നിരവധി ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
മലേഷ്യയില്‍ നടന്ന പഠനത്തില്‍ അരി വെള്ളം ഒരു മികച്ച ജൈവ വളമാണെന്നും പറയുന്നു. ഈ വെള്ളത്തില്‍ ലീച്ച്ഡ് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചെടികളുടെ മാത്രമല്ല പച്ചക്കറികള്‍ക്കും ഗുണകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. കടുക്, തക്കാളി, വഴുതന എന്നിവയ്‌ക്കാണ് ഈ വെള്ളം കൂടുതല്‍ ഗുണം ചെയ്യുകയെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അരി വെള്ളത്തിലെ ഘടകങ്ങള്‍:
ഘടകങ്ങള്‍ | അളവ് (%) |
പ്രോട്ടീന്‍ | 6-8% |
ക്രൂഡ് ഫൈബര്‍ | 30-40% |
അമിനോ ആസിഡ് | 10-20% |
ഫോസ്‌ഫറസ് | 45-50% |
ഇരുമ്പ് | 45-50% |
സിങ്ക് | 10-12% |
പൊട്ടാസ്യം | 40-45% |
തയാമിന്‍ | 55-60% |
റൈബോഫ്ലോവിന്‍ (ജീവകം B2) | 25-30% |
നിയാസിന്‍ (നിക്കോട്ടിക് ആസിഡ്) | 60-65% |
ഇത് കൂടാതെ ഈ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയുടെ അംശവും ചെടിക്ക് വളരാന്‍ സഹായകമാണ്. അരി വെള്ളത്തിലെ അന്നജം ചെടികളിലെ കോശങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നും റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതും വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമാണ്.
അന്നജം ചെടികള്‍ക്ക് കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് പ്രദാനം ചെയ്യുന്നതാണ് ഇതിന് കാരണം. അരി വെള്ളം മണ്ണിലെ ബാക്‌ടീരിയകളെ വിഘടിപ്പിച്ച് സസ്യങ്ങള്‍ക്ക് വളരാന്‍ ഉപയോഗപ്രദമായ പോഷകമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്.
ഇലകളിലെ പുഴുക്കളെയും പുഴുക്കുത്തുകളെയും അകറ്റാം: ചെടിയുടെ വളര്‍ച്ച പോലെ തന്നെ പ്രധാനമാണ് അവയുടെ ആരോഗ്യവും. അരി കഴുകിയ വെള്ളം ഇലകളില്‍ തളിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ അകറ്റാന്‍ സഹായകരമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. വൃത്തിയുള്ള സ്‌പ്രേ കുപ്പിയില്‍ അരി വെള്ളം നിറച്ച് ഇലകളില്‍ സ്‌പ്രേ ചെയ്‌ത് കൊടുക്കാം. രാവിലെയും വൈകുന്നേരവും വെള്ളം ഇത്തരത്തില്‍ തളിച്ച് കൊടുക്കണം. ഇത് ചെടികള്‍ക്ക് പോഷകവും ഈര്‍പ്പവും ആഗിരണം ചെയ്യാന്‍ സഹായകമാകും.
ഇനി ഒട്ടും വൈകിക്കേണ്ട അരി കഴുകിയ വെള്ളം പാഴാക്കാതെ പാത്രത്തില്‍ ശേഖരിച്ചു വച്ചോളൂ. അത് നിങ്ങളുടെ പൂന്തോട്ടത്തില്‍ രാവിലെയും വൈകിട്ടും പ്രയോഗിച്ചോളൂ. പൂന്തോട്ടത്തില്‍ മാത്രമല്ല അടുക്കളത്തോട്ടത്തിലും ഇത് ഗുണം ചെയ്യുമെന്നും വിദഗ്‌ധര്‍ പറയുന്നു.
Also Read |
ക്രിസ്‌മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു; ഡിസംബർ 11 മുതൽ 19 വരെ പരീക്ഷ നടക്കും