മലപ്പുറം: എടക്കര മൂത്തേടത്ത് കാടിറങ്ങിയെത്തിയ കാട്ടാന വ്യാപകമായി വിളകള്‍ നശിപ്പിച്ചു. കല്‍ക്കുളം തീക്കടി ആദിവാസി നഗറിന് സമീപം മുണ്ടമ്പ്ര ബഷീറിൻ്റെ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ഒറ്റയാന്‍ കയറിയത്. വ്യാപക നാശനഷ്‌ടമാണ് ഉണ്ടായതെന്ന് സ്ഥല ഉടമ പറയുന്നു.
തോട്ടത്തിലെ അഞ്ച് തെങ്ങും നാല് കമുകുമാണ് ഒറ്റ രാത്രിയില്‍ ഒറ്റയാൻ നശിപ്പിച്ചത്. പടുക്ക വനത്തില്‍ നിന്നെത്തിയ ഒറ്റയാനാണ് കായ്ച്ചു തുടങ്ങിയ തെങ്ങുകളും കമുകുകളും നശിപ്പിച്ചത്. വന്യമൃഗശല്യം ചെറുക്കാന്‍ പൂളക്കപ്പാറ മുതല്‍ പടുക്ക വനം ക്വാട്ടേഴ്‌സ് വരെ ട്രഞ്ച് നിര്‍മിച്ചിട്ടുണ്ടെങ്കിലും എഴുനൂറ് മീറ്ററോളം ഭാഗത്ത് ട്രഞ്ച് നിര്‍മിച്ചിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തീക്കടി നഗര്‍ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്തുകൂടിയാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ ഭാഗത്തുകൂടി ട്രഞ്ച് നിര്‍മിച്ചാല്‍ മാത്രമേ കാട്ടാനശല്യം ചെറുക്കാന്‍ കഴിയൂവെന്നാണ് ഇവര്‍ പറയുന്നത്.
നിത്യേനയെന്നോണം കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി നാശം വരുത്തുന്നതിനാല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. വളവും വെള്ളവും നല്‍കി പരിപാലിച്ചുപോരുന്ന കൃഷി പാകമാകുമ്പേഴേക്കും കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. ബാങ്കില്‍ നിന്നും മറ്റും വായ്‌പകള്‍ എടുത്ത് പാട്ടകൃഷി നടത്തുന്ന കര്‍ഷകരുടെ അവസ്ഥയും പരിതാപകരമാണ്.
നാശം സംഭവിക്കുന്ന കൃഷിയിടം വന്നുനോക്കി നഷ്‌ടം കണക്കാക്കാന്‍ പോലും വനപാലകര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഓഫീസ് കെട്ടിടങ്ങളും ക്വാട്ടേഴ്‌സ് കെട്ടിടങ്ങളും നിര്‍മിക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന വനം വകുപ്പ് കര്‍ഷകൻ്റെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്താന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
Read More: ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകുന്നു, എങ്ങും കനത്ത മഴ