മലപ്പുറം : ദുരന്തത്തെ ആത്മവിശ്വാസത്തോടെ വയനാട്ടിലെ ജനങ്ങൾ മറികടക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞു. ആശയപരമായി ഇടതുപക്ഷവുമായി എതിർപ്പുണ്ടെങ്കിലും എംപിയുടെ പ്രവർത്തനം പക്ഷപാതം ഇല്ലാത്തതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകമായിരുന്നു രാഹുൽഗാന്ധി.
ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആത്മവിശ്വാസം നൽകിയും വയനാട് പാർലമെന്‍റ് മണ്ഡലം പ്രളയത്തെ അതിജീവിക്കുമെന്ന സന്ദേശം പകർന്നുമാണ് രാഹുലിന്റെ മൂന്നാം ദിവത്തെ പര്യടനം അവസാനിപ്പിച്ചത്. പരാതികൾ ചോദിച്ചറിഞ്ഞും സാന്ത്വനിപ്പിച്ചുമാണ് ഓരോ ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെയും രാഹുൽ കടന്നുപോയത്. വയനാടിന് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു മൂന്നാംദിവസത്തെ പര്യടനം. വയനാടിന്റെ വികസന സ്വപ്‌നങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന ഉറപ്പാണ് ഓരോ കേന്ദ്രങ്ങളിലും രാഹുൽ നൽകുന്നത്. പ്രളയത്തിൽ സർവതും നഷ്‌ടപ്പെട്ടവർക്ക് കൂട്ടായി എത് സാഹചര്യത്തിലും നിലയുറപ്പിക്കണമെന്ന് യുഡിഎഫ് അംഗങ്ങളോട് രാഹുൽ ആവശ്യപ്പെട്ടു. പ്രളയത്തെ തുടർന്ന് വയനാട്ടിൽ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും പ്രളയാനന്തര ധനസഹായം സമയബന്ധിതമായി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അതോടൊപ്പം തന്നെ ടൂറിസം കേന്ദ്രമായി വയനാടിനെ ഉയർത്തികൊണ്ടുവരേണ്ടതുണ്ടെന്നും രാഹുൽ ഓർമിപ്പിച്ചു.
മലപ്പുറം ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ഇന്ന് രാഹുൽഗാന്ധി സന്ദർശിക്കുന്നത്. വഴിക്കടവ് ആലമലയിലു ,പാലം തകർന്ന കൈപ്പിനിയിലും എംപി സന്ദർശനം നടത്തും . സന്ദർശനം പൂർത്തീകരിച്ച് രാഹുൽ ഡൽഹിയിലേക്ക് മടങ്ങും.