മലപ്പുറം: ബിജെപി- ആര്‍എസ്‌എസ് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടന്ന് പറയാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശിനെ വെല്ലുവിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍. തനിക്ക് ഒരു വര്‍ഗീയ ശക്തികളുടെ വോട്ടും വേണ്ട. യുഡിഎഫ് -ബിജെപി കൂട്ടുകെട്ട് നിലമ്പൂരിലും നടപ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങൾ വിലപ്പോകില്ലന്നും പിവി അന്‍വര്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം എംഎല്‍എ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈപ്പാസ് നിര്‍മാണം നീണ്ടതില്‍ ഏറെ ദുഖമുണ്ട്. പ്രവര്‍ത്തി നീളാന്‍ ശ്രമം നടത്തിയവരെ കുറിച്ച് പറയുന്നില്ലന്നും അന്‍വര്‍ കൂട്ടിചേര്‍ത്തു. സ്ത്രീകള്‍ക്കും യുവജനങ്ങല്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ മണ്ഡലത്തില്‍ പുതിയ സംരഭം യാഥാര്‍ഥ്യമാക്കും. മണ്ഡലത്തിലെ അടിസ്ഥാന വികസനങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കിയതിനാലാണ് വടപുറം പാലത്തിന് സമീപത്തെ ടൂറിസം പദ്ധതി പൂര്‍ത്തിയാവാതിരുന്നത്. യുഡിഎഫ് കൊണ്ടുവന്ന ടൂറിസം പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നത്. അശാസ്ത്രീയ നിര്‍മാണമാണ് കെഎസ്‌ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിന് തിരിച്ചടിയായത്. നിരവധി തവണ ലേലം നടത്തിയിട്ടും ആളില്ലാത്തത് കെട്ടിടം അശാസ്ത്രീയമായി നിര്‍മിച്ചതിനാലാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെഎസ്‌ആര്‍ടിക്ക് വേണ്ടി ഇത്തരം പദ്ധതികളാണ് യുഡിഎഫ് കൊണ്ടുവന്നത്. അന്ന് അഴിമതി നടത്തിയവരാണ് ഇന്ന് എല്‍ ഡി എഫിനെതിരെ തിരിയുന്നതെന്നും അന്‍വര്‍ പറഞ്ഞു.