മലപ്പുറം : പെരിന്തൽമണ്ണയിൽ നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ താമരശേരി സ്വദേശികളായ രണ്ട് പേര്‍ പിടിയിലായി. ഞായറാഴ്‌ച രാവിലെയോടെയായിരുന്നു സംഭവം.
കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും ചേർന്ന് കാറിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. എന്നാൽ വാഹന പരിശോധനയ്‌ക്കിടെ പെരിന്തൽമണ്ണയിൽവച്ച് പിടിയിലാവുകയായിരുന്നു.
കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഇത്രയും പണം എവിടെ നിന്നാണ് പ്രതികൾക്ക് ലഭിച്ചത് എന്ന കാര്യം പരിശോധിച്ചുവരികയാണ്.