മലപ്പുറം: ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്നത് വലിയ ആഘാതമാണ്. എന്നാല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും മനോഹരമായ പൂക്കളും കുട്ടകളും മുറങ്ങളും ബാഗുകളും പഴ്സുകളുമൊക്കെയായി മാറും മലപ്പുറം വളാഞ്ചേരി വൈക്കത്തൂര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികളുടെ കൈകളിലൂടെ. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കി വ്യത്യസ്തരാകുകയാണ് ഇവര്‍.
വര്‍ധിച്ച് വരുന്ന പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ക്യാമ്പയിനിന്‍റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ചത്. പുതിയ അനുഭവമാണ് ക്യാമ്പിലൂടെ ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി.