മലപ്പുറം: ബിഎസ്‌എന്‍എല്‍ ടവര്‍ കമ്മീഷന്‍ ചെയ്യാത്തത് കാരണം കോളനി നിവാസികള്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ദുരിതത്തില്‍. അമരമ്പലം പഞ്ചായത്തിലെ ടികെ കോളനി നിവാസികളാണ് ടവര്‍ അടുത്തുണ്ടായിട്ടും എപ്പോഴും പരിധിക്ക് പുറത്താകുന്നത്. സ്വകാര്യ കമ്പനികളുടെ സിഗ്‌നലും ഈ മേഖലയില്‍ ലഭിക്കില്ല. കൊവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈന്‍ തുടങ്ങിയതോടെ മേഖലയിലെ വിദ്യാര്‍ഥികളും പ്രയാസത്തിലാണ്.
ന്യൂ അമരമ്പലം സംരക്ഷിത വന മേഖലയോട് ചേര്‍ന്ന് ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ് ടി.കെ. കോളനി സ്ഥിതിചെയ്യുന്നത്. വന്യമൃഗ ശല്ല്യവും മുന്‍ വര്‍ഷങ്ങളില്‍ മാവോവാദി സാന്നിധ്യവുമുണ്ടായ പ്രദേശമാണിത്. അത്യഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ ഉള്‍പ്പെടെ പുറംലോകവുമായി ബന്ധപ്പെടാന്‍ വഴിയില്ലാതെ പ്രയാസപ്പെടുകയാണ് പ്രദേശവാസികള്‍.
ടവര്‍ കമ്മീഷന്‍ ചെയ്‌താല്‍ രോഗികള്‍ക്കുള്‍പ്പെടെ ആശ്വാസമാകും. കൂടാതെ പൂത്തോട്ടംകടവ്, ആന്‍റണിക്കാട്, ഓളാര്‍വട്ടം, പൊട്ടിക്കല്ല്, തേള്‍പ്പാറ, പരിയങ്ങാട്, പ്രാഥമികാരോഗ്യ കേന്ദ്രം ഭാഗങ്ങളിലെല്ലാം ആവശ്യമായ മൊബൈല്‍ഫോണ്‍ സിഗ്‌നലും ലഭിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.