മലപ്പുറം: മലപ്പുറത്ത് മൂന്ന് ബോട്ടപകടങ്ങളിലായി ഒന്‍പത് പേരെ കാണാതായി. മലപ്പുറം പൊന്നാനി, താനൂർ എന്നിവിടങ്ങളിൽനിന്ന് മല്‍സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകളാണ് അപകടത്തില്‍പെട്ടത്. പൊന്നാനിയിൽ നിന്ന് പോയ ബോട്ടിൽ വിള്ളല്‍ വീണാണ് അപകടമുണ്ടായത്. 12 മണിക്കൂറായി ബോട്ട് നടുക്കടലില്‍ കുടുങ്ങിയിരിക്കുകയാണ്. ബോട്ടിൽ അഞ്ച് മലയാളികളും ഒരു ബംഗാൾ സ്വദേശിയുമുൾപ്പെടെ ആറുപേരാണ് ഉള്ളത്. കടല്‍പ്രക്ഷുബ്‌ദമായതിനാൽ കോസ്റ്റ് ഗാർഡിന് എത്താൻ സാധിച്ചില്ല. നേവിയുടെ സഹായവും തേടിയിട്ടുണ്ട്.
പുലർച്ചെ രണ്ട് മണിക്ക് അപകട വിവരം മറ്റ് മത്സ്യത്തൊഴിലാളികള്‍ അറിയുകയായിരുന്നു. ബോട്ടില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അവസാനം ലഭിച്ച സന്ദേശം. ബോട്ട് തൃശൂർ നാട്ടിക ഭാഗത്താണ് ഇപ്പോഴുള്ളത്. രാവിലെ ആറരയോടെ തെരച്ചില്‍ ആരംഭിച്ചു.
അതേസമയം താനൂരില്‍ മുങ്ങിയ ബോട്ടില്‍നിന്ന് മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുഞ്ഞാലകത്ത് ഉബൈദ്, കെട്ടുങ്ങൽ കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. രക്ഷപെട്ടവരെ പരപ്പനങ്ങാടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് പേരുമായി പോയ നൂറുൽ ഹുദ ബോട്ട് പൊന്നാനി നായര്‍തോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തെരച്ചില്‍ തുടരുകയാണ്.