മലപ്പുറം: അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ നാടുകാണി - പരപ്പനങ്ങാടി റോഡ് നവീകരണം പൂര്‍ത്തിയാകാതെ നിൽക്കുന്നു. നിര്‍മാണം നിലച്ച ഭാഗങ്ങളിലെ കുണ്ടിലും കുഴിയിലും വെള്ളം നിറഞ്ഞതോടെ നാട്ടുകാർ ദുരിതത്തിൽ. ജില്ലയുടെ പ്രധാന നഗരങ്ങള്‍ ബന്ധിപ്പിക്കുന്ന നാടുകാണി -പരപ്പനങ്ങാടി റോഡ് പ്രവര്‍ത്തി ജില്ലയിലെ ആറ് മണ്ഡലങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 475 കോടിയുടെ ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തി പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ 390 കോടി രൂപയായി ചുരിക്കി റീടെണ്ടര്‍ ചെയ്തിരുന്നു.
കാരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റി ദ്രുത ഗതിയില്‍ പ്രവര്‍ത്തി നടത്തിയെങ്കിലും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതേസമയം, പ്രവര്‍ത്തി പൂര്‍ത്തിയായ നാടുകാണി ചുരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ തകർന്നു. നിലമ്പൂര്‍ ജനതപ്പടി, വെളിയന്തോട് ഭാഗങ്ങളില്‍ മഴ പെയ്താല്‍ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥിതിയാണ് ഉള്ളത്. നിലമ്പൂര്‍ ടൗണില്‍ റോഡ് വീതി കൂട്ടല്‍, ഓവു പാല നിര്‍മാണം എന്നിവയും പൂര്‍ത്തിയായിട്ടില്ല. മഴയില്ലെങ്കിലും റോഡിലെ കുണ്ടും കുഴിയും കാരണം ഇവിടെ ഗതാഗത കരുക്ക് രൂക്ഷമാണ്. പ്രളയത്തെ തുടര്‍ന്ന് നടത്തിയ നവീകരണവും പൂര്‍ത്തിയാവാത്ത ജനതപ്പടിലാണ് ഗതാഗതം കൂടുതല്‍ ദുഷ്‌കരമാവുന്നത്.