മലപ്പുറം: സത്യസന്ധതയിലൂടെ മാതൃകയായ മലപ്പുറത്തുകാരന് ആമസോൺ സമ്മാനിച്ചത് 8,000 രൂപ വിലമതിക്കുന്ന ആൻഡ്രോയിഡ് ഫോൺ. ആമസോണിൽ ഓർഡർ ചെയ്‌ത പവർ ബാങ്കിന് പകരമാണ് കോട്ടക്കൽ എടരിക്കോട് സ്വദേശി നബീലിന് മൊബൈൽ ഫോൺ ലഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തിനായിരുന്നു അനിയത്തിയുടെ ഓൺലൈൻ ക്ലാസുകൾക്കായി ഉപയോഗിക്കുന്ന ഫോണിന് വേണ്ടി പവർ ബാങ്ക് ഓർഡർ ചെയ്‌തത്. 1400 രൂപ വിലയുള്ള പവർ ബാങ്ക് ആമസോണിൽ ബുക്ക് ചെയ്തു. ഓർഡർ നൽകി ഒരാഴ്‌ച തികയും മുൻപ് പാഴ്‌സൽ ആയി സാധനം വീട്ടിൽ എത്തി. എന്നാല്‍, കിട്ടിയതാകട്ടെ 8,000 രൂപ വിലമതിക്കുന്ന ഫോണും. ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അബദ്ധം അറിയിച്ചപ്പോള്‍ നബീലിനെ അവര്‍ അഭിനന്ദിച്ചു. കൂടാതെ, ഫോണ്‍ തിരിച്ചു നൽകേണ്ടതില്ലെന്ന മറുപടിയും.
ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എംഎഎച്ച് പവര്‍ ബാങ്കിന് പകരം ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ്‌മി എട്ട് എ ഡ്യുവല്‍ എന്ന ഫോണാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. വിപണന കമ്പനിക്ക് അബദ്ധം പറ്റിയെന്ന് മനസിലാക്കി തനിക്ക് കിട്ടിയ ഫോണിന്‍റെ ഫോട്ടോയെടുത്തു ഉടന്‍ തന്നെ നബീല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ട്വീറ്റില്‍ ആമസോണിനെ ടാഗും ചെയ്തു. തെറ്റ് പറ്റിയതില്‍ ആമസോണ്‍ ക്ഷമാപണം നടത്തി. തുടര്‍ന്ന് ഫോണ്‍ നബീലിനോട് ഉപയോഗിച്ചോളൂ എന്ന മറുപടിയും. എന്തായാലും ഓര്‍ഡര്‍ ചെയ്‌ത സാധനത്തെക്കാളും മികച്ചത് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് നബീല്‍.