മലപ്പുറം: മാറാക്കര പഞ്ചായത്തിൽ ആഘോഷങ്ങൾ ഏതുമാകട്ടെ പ്ലാസ്റ്റിക് രഹിതമാണ് ആഘോഷങ്ങൾ. ക്ലീൻ മാറാക്കരയുടെ ഭാഗമായി പഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രീൻ പ്രോട്ടോകോളിന്‍റെ ഭാഗമായി ഉപയോഗിക്കാൻ 7000 പ്ലേയ്റ്റുകളും 7000 ഗ്ലാസുകളും പഞ്ചായത്ത് കുടുംബശ്രീ മുഖേന ലഭ്യമാണ്.
2018 - 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി. ആവശ്യമുള്ള പ്ലേറ്റ്- ഗ്ലാസ് എന്നിവ കുടുംബശ്രീ ഹരിതകർമസേന ആവശ്യമുള്ള സ്ഥലത്ത് എത്തിക്കും. ഇതിന് ചെറിയ സർവീസ് ചാർജ് കുടുംബശ്രീക്ക് നൽകണം. മാറാക്കര പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു എന്ന സർട്ടിഫിക്കറ്റ് വധുവരന്മാർ ഹാജരാക്കണം. ഗ്രീൻ പ്രോട്ടോകോൾ പാലിക്കാത്ത വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ പിഴ ഈടാക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡഡന്‍റ് മധുസൂദനൻ അറിയിച്ചു.
7000 ഗ്ലാസ്, പ്ലേറ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്. ഇവർക്ക് ഒരു വരുമാനം എന്നതിനപ്പുറം മാതൃക പഞ്ചായത്ത് ആക്കുകയാണ് പഞ്ചായത്തിന്‍റെ ലക്ഷ്യം. അടുത്ത അധ്യയന വർഷത്തിൽ കുട്ടികൾക്ക് തുണി ബാഗ്, പേപ്പർ പേന, എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്താനും പ്ലാസ്റ്റിക് കവറുകൾ പകരം കുടുംബശ്രീ മുഖേന വയോജനങ്ങൾക്ക് പേപ്പർ കവർ നിർമിക്കാനുള്ള പരിശീലനം നൽകാനാണ് തീരുമാനം.