മലപ്പുറം: നിലമ്പൂരില്‍ ആയുധശേഖരവുമായി ഒരാൾ വനംവകുപ്പിന്‍റെ പിടിയില്‍. താഴേക്കോട് മാട്ടറക്കൽ സ്വദേശി അബദുൾ മനാഫ് (46) ആണ് കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാകേഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയുടെ വീട് റെയ്‌ഡ് ചെയ്‌താണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
പരിശോധനയില്‍ ലൈസൻസില്ലാത്ത തോക്ക്, 59 ഓളം തിരകൾ, തിരയിൽ നിറക്കുന്ന ഈയം ഉണ്ടകളുടെ അര കിലോ വരുന്ന മൂന്ന് പാക്കറ്റുകൾ, അഞ്ച് കത്തികൾ, ഒരു വടിവാൾ മുതലായവ കണ്ടെടുത്തിട്ടുണ്ട്. പാരമ്പര്യമായി കിട്ടിയെന്ന് പ്രതി പറയുന്ന തോക്കിന് ലൈസൻസില്ല.
തിരകൾ സുഹൃത്തിനൊപ്പം പോയി കോയമ്പത്തൂരിൽ നിന്ന് വാങ്ങിയതാണെന്ന് പ്രതി വനപാലകരോട് പറഞ്ഞു. കണ്ടെടുത്ത ആയുധങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേട്ടയാടാനാണ് തോക്കും തിരകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കാറെന്ന് പ്രതി പറഞ്ഞു. കണ്ടെടുത്ത ആയുധങ്ങൾ സംശയങ്ങൾക്ക് ഇടയാക്കുന്നതിനാല്‍ പ്രതിയെ പെരിന്തൽമണ്ണ പൊലീസിന് കൈമാറുന്നതായി കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.രാകേഷ് അറിയിച്ചു.