മലപ്പുറം: മമ്പാടില്‍ തമിഴ്നാട് സ്വദേശികളായ അച്ഛനും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ കുട്ടികളുടെ പേര് വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ബാലനീതി നിയമപ്രകാരം കുറ്റമായതിനാലാണ് സംഭവത്തില്‍ ചൈല്‍ഡ് ലൈനിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഫെബ്രുവരി 24നാണ് സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തുകയും സംഭവം സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
വിഷയത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ മറുപടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. എങ്ങനെ കുട്ടികളുടെ ചിത്രം പുറത്ത് വന്നു എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍ അറിയിച്ചു. ഫെബ്രുവരി 10നാണ് അച്ഛനും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കുട്ടികളുടെ വിവരം പുറം ലോകമറിയുന്നത്. മമ്പാട് ടൗണിലെ സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് ആറും നാലും വയസ്സുള്ള കുട്ടികളെ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തത്. അന്ന് രാവിലെ 10.30 ഓടെ ഇവരുടെ അടുത്ത റൂമില്‍ താമസിക്കുന്ന അതിഥി തൊഴിലാളിയാണ് മമ്പാട് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്. മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി ടി ഉമൈത്തിന്‍റെ നേത്യത്വത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മമ്പാട് സ്വകാര്യ ലോഡ്ജില്‍ എത്തി വീട്ടില്‍ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.