മലപ്പുറം: വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസി കുടുംബങ്ങൾ പ്രളയഭീതിയിലാണ്. കഴിഞ്ഞ രണ്ട് തവണയും ആർത്ത് അലച്ച് എത്തിയ മഴവെള്ള പാച്ചിലിന്‍റെ ഭയം ഇപ്പോഴും കോളനി നിവാസികളുടെ ഉള്ളിലുണ്ട്. ഇതിന് പരിഹാരമായി പ്രളയം എത്തുന്നതിന് മുൻപ് തന്നെ പുഞ്ചക്കൊല്ലിയിലെ ആദിവാസി കുടുംബങ്ങൾ താമസിക്കാൻ കാട്ടില്‍ ഷെഡുകൾ നിർമിച്ച് തുടങ്ങി. പുന്നപ്പുഴക്ക് ഇക്കരെ തേക്ക് തോട്ടത്തിലാണ് ഷെഡ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ ആറ് കുടുംബങ്ങള്‍ക്ക് താമസിക്കാൻ കഴിയുന്ന വിധത്തിലാണ് ഷെഡ് നിർമാണം.
കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തില്‍ കോരന്‍ പുഴ കരകവിഞ്ഞ് ഒഴുകിയതോടെ കോളനിയിലെ വീടുകള്‍ തകർന്നിരുന്നു. പലരുടെയും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒലിച്ച് പോയി. ഇത്തവണയും ദുരന്തം ആവര്‍ത്തിക്കുമെന്ന ഭയത്തിലാണ് ആദിവാസികള്‍. പുന്നപ്പുഴക്ക് കുറുകെയുള്ള പാലവും തകര്‍ന്നതോടെ വലിയ ആശങ്കയാണ് കോളനികാര്‍ക്ക്. മുള ഉപയോഗിച്ച് നിര്‍മിച്ച ചങ്ങാടമാണ് ഇപ്പോള്‍ ഇവര്‍ക്ക് പുറത്തേക്ക് എത്താനുള്ള ഏക ആശ്രയം. പ്രളയം വന്നാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം പോലും ഇല്ലാതായതോടെയാണ് കാട്ടില്‍ ഷെഡ് കെട്ടി താമസമാക്കാന്‍ തീരുമാനിച്ചത്. 48 കുടുംബങ്ങളാണ് കോളനിയിലുള്ളത്.
അതേസമയം, കാട്ടില്‍ ഷെഡ് നിര്‍മിക്കുന്നതിനോട് വനം വകുപ്പിന് എതിർപ്പ് അറിയിച്ചിട്ടുണ്ട്. പ്രളയഭീതി നിലനില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലെന്നും ഇതാണ് കാട്ടിലേക്ക് താമസം മാറ്റാന്‍ കാരണമെന്നും ആദിവാസികള്‍ പറയുന്നു.