മലപ്പുറം: മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി ജില്ലാ സ്‌കൂൾ കലോത്സവത്തിന്‍റെ മൂന്നാം ദിനം. കലോത്സവത്തിലെ പ്രധാന ആകര്‍ഷകങ്ങളായ ഒപ്പന, മിമിക്രി, മോണോ ആക്‌ട്, നാടന്‍പാട്ട് തുടങ്ങിയ മത്സരങ്ങളായിരുന്നു മൂന്നാം ദിനമായ വ്യാഴാഴ്‌ച അരങ്ങേറിയത്.
മത്സരങ്ങൾക്ക് പുറമേ അപ്പീലുകളാലും കലോത്സവ ദിനം ശ്രദ്ധ നേടി. 180ലേറെ അപ്പീലുകളായിരുന്നു വ്യാഴാഴ്‌ച മാത്രം അപ്പീല്‍ കമ്മിറ്റിയെ തേടിയെത്തിയത്. ഒപ്പന, വട്ടപ്പാട്ട്, നാടന്‍പാട്ട്, ഭരതനാട്യം, കേരളനടനം തുടങ്ങിയവയിലായിരുന്നു കൂടുതല്‍ അപ്പീലുകളെത്തിയത്. ഇതില്‍ ലോകായുക്ത വഴി മൂന്ന് അപ്പീലുകളും ബാക്കിയുള്ളവ ഡിഡി ഓഫീസ് വഴിയുമാണ് അപ്പീല്‍ കമ്മിറ്റിയുടെ മുമ്പിലെത്തിയത്.