മലപ്പുറം: ജില്ലയില്‍ സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം ശക്തമായതോടെ കൂടുതല്‍ പേരെ പരിശോധിക്കുന്നതിന് സഞ്ചരിക്കുന്ന കൊവിഡ് പരിശോധന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്. പരിശോധന യൂണിറ്റ് ജില്ല കലക്‌ടർ ഗോപാലകൃഷ്‌ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ സംബന്ധമായ ബോധവത്ക്കരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആരോഗ്യ വകുപ്പിന്‍റെ വാഹനമാണ് ഫൈസലിന്‍റെ നേതൃത്ത്വത്തിലുള്ള പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിങ് കോളജിലെ എന്‍എസ്എസ് വിഭാഗം വിദ്യാർഥികളുടെ സഹായത്തോടെ ആരോഗ്യ കേരളം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പരിശോധന യൂണിറ്റിനായി തയ്യാറാക്കിയത്. ജില്ലയിലെ രോഗ വ്യാപന പ്രദേശങ്ങളില്‍ എത്തി രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ പിസിആര്‍ ലാബില്‍ എത്തിക്കുകയാണ് യൂണിറ്റ് ചെയ്യുക.
ഒരേസമയം രണ്ടു പേരുടെ സ്രവം ഈ വാഹനത്തില്‍ പരിശോധനക്ക് എടുക്കാൻ സാധിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശോധനക്ക് വിധേയനാകുന്ന വ്യക്തിക്കും പ്രത്യേകം ക്യാബിന്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ തവണ സ്രവം സ്വീകരിച്ച ശേഷവും രോഗിയുടെ ചേംബറും ഗ്ലൗസും അണുവിമുക്തമാക്കും. കൂടാതെ ആരോഗ്യ വകുപ്പിന്‍റെ മാനദണ്ഡ പ്രകാരമുള്ള എല്ലാ സുരക്ഷാ മുന്‍ കരുതലുകളും ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. സാമ്പിള്‍ ശേഖരിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് ഡോക്ടര്‍/സ്റ്റാഫ് നഴ്‌സ്, രണ്ട് അസിസ്റ്റന്‍റ്, ഡ്രൈവര്‍ എന്നിവരാണ് കൊവിഡ് പരിശോധന യൂണിറ്റിലെ ജീവനക്കാര്‍. ജില്ലാ സര്‍വൈലന്‍സ് ടീം, കൊവിഡ് കോണ്‍ടാക്ട് ട്രേസിങ് സെല്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഓരോ പ്രദേശത്ത് നിന്നും ആരെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. പരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആര്‍ടിപിസിആര്‍ ആപ്പില്‍ രേഖപ്പെടുത്തും. ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് സ്രവം ശേഖരിക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സന്ദേശങ്ങളും വാഹനത്തില്‍ പതിച്ചിട്ടുണ്ട്.