മലപ്പുറം: മമ്പാട് വ്യവസായിയുടെ കുടുംബത്തെ വീടിന് തീവെച്ച് കൊല്ലാൻ കൊട്ടേഷൻ എടുത്ത സംഘത്തിലെ പ്രധാന പ്രതി നിലമ്പൂർ പൊലീസിൻ്റെ പിടിയിലായി. എറണാകുളം എടപ്പള്ളിയിൽ നിന്നാണ് നിലമ്പൂർ ചന്തക്കുന്ന് സ്വദേശി തെക്കരത്തൊടിക ഷാബിറുഷ്‌ദിനെ (30) നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2020 ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മമ്പാട് സ്വദേശിയും വ്യവസായിയുമായ എകെ സിദ്ധീക്കിൻ്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പത്ത് ലക്ഷം രൂപ വിലയുള്ള രണ്ട് കാറുകൾ കത്തി നശിച്ചിരുന്നു.
കേസിൽ പിടിയിലായ പ്രതി നിരവധി കേസുകളിലെ പ്രതിയാണ്. സിദ്ധീക്കിന്‍റെ വീട് ആക്രമിച്ച സംഭവത്തിന് ശേഷം എറണാംകുളം- ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രതി ഒളിവിലായിരുന്നു. സംഭവത്തിൽ റീഗൾ എസ്റ്റേറ്റ് ഉടമ മുരുഗേഷ് നരേന്ദ്രൻ, ജയ മുരുകേശ് ഇവരുടെ മകൻ കേശവ് മുരുകേഷ്, മാനേജർ അനിൽ പ്രസാദ് തുടങ്ങിയവർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുത്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. ഈ കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.