മലപ്പുറം: കേരളത്തിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് കെ.ടി ജലീൽ. വളാഞ്ചേരി മുച്ചിക്കൽ ജി.എം.യു.പി സ്കൂളിലെ 127ആം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കേരളത്തിൽ ഇടത് തുടർഭരണം കേരളം മുഴുവൻ ആഗ്രഹിക്കുന്നുണ്ടെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു. നിലപാടുകളിലെ വ്യക്തത വികസന പ്രവർത്തനങ്ങളിലെ തുടർച്ച ധീരമായ മറ്റ് എല്ലാ മേഖലകളിലും ഉള്ള കാൽവെപ്പ് ഇവകൊണ്ട് എല്ലാമാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് കേരള ജനത ഒന്നടങ്കം പറയുന്നതെന്നും കെ.ടി ജലീൽ വ്യക്തമാക്കി.
കഴിഞ്ഞ തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ തവനൂർ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ടി ജലീൽ പറഞ്ഞു. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്ന് 16 സീറ്റുകളിൽ നാല് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. എന്നാൽ ഇത്തവണ അത് ഇരട്ടിയായി വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.