മലപ്പുറം: ലോക്ക് ഡൗൺ കാരണം മരുന്നിന് ബുദ്ധിമുട്ടിയ വയോധികർക്ക് മരുന്ന് എത്തിച്ച് വേറിട്ട മാതൃകയായിരിക്കുകയാണ് കോട്ടക്കൽ പൊലീസ്. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിക്കുകയും തങ്ങൾക്ക് കഴിക്കാനുള്ള മരുന്നുകൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌ത വയോധികർക്കാണ് പൊലീസ് മരുന്ന് എത്തിച്ച് നൽകിയക്. ലോക്ക് ഡൗൺ കാരണം മക്കൾ ഒന്നും വീട്ടിൽ ഇല്ല എന്ന പരിഭവവും ഇവർ പൊലീസുമായി പങ്കുവെച്ചിരുന്നു.
കോട്ടക്കൽ സ്വദേശിയായ 82 കാരൻ കൃഷ്‌ണനും ഭാര്യ നളിനിയും പ്രതിദിനം മരുന്ന് കഴിക്കുന്നവരാണ്. എന്നാൽ ലോക്ക് ഡൗൺ കാരണം മരുന്ന് കിട്ടാതായതോടെ വലിയ ബുദ്ധിമുട്ടിലായിരുന്നു ഇരുവരും. രണ്ടുപേർക്കും മക്കളുണ്ടെങ്കിലും ഒരു മകൾ വിദേശത്തും ഒരു മകൻ മഞ്ചേരിയിലുമാണ്. ഇവർക്ക് ലോക്ക് ഡൗൺ കാരണം കോട്ടക്കലിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് വയോധികർക്ക് മരുന്നിന് ആവശ്യം ഉണ്ടാവുന്നതും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വാക്കുകൾ ഓർത്തെടുക്കുന്നതും. തുടർന്ന് ഉടൻ തന്നെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചു. ഫോൺ വന്നപ്പോൾ തന്നെ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്എച്ച്ഒ എം. സുജിത്ത്, എഎസ്ഐ രവീന്ദ്രൻ, സിപിഒ സുജിത്ത് എന്നിവർ മരുന്നുകളെല്ലാം വാങ്ങി കോട്ടക്കൽ മൈത്രി നഗറിലുള്ള വയോധികരുടെ വീട്ടിലേക്ക് എത്തിച്ചു നൽകി.
Also Read: ഉടമസ്ഥർ ക്വാറന്‍റൈനില്‍; പശുക്കള്‍ക്ക് ഭക്ഷണമെത്തിച്ച് വാര്‍ഡ് അംഗം
ഒരു ദിവസം മൂന്ന് നേരം ഗുളിക കഴിക്കുന്ന വ്യക്തിയാണ് ഗൃഹനാഥൻ കൃഷ്‌ണൻ. ഭാര്യ നളിനിക്കുമുണ്ട് ആവശ്യത്തിന് മരുന്നുകൾ. മരുന്ന് കിട്ടില്ല എന്ന ആശങ്കയിൽ നിന്ന വയോധികർക്ക് പൊലീസുകാരുടെ ഈ മാതൃക പ്രവർത്തനത്തിലൂടെ വലിയ ആശ്വാസമാണ് പകർന്നു കിട്ടിയത്. മരുന്ന് കൊടുത്ത് മടങ്ങാൻ നേരം കൃഷ്‌ണൻ പൊലീസുകാർക്ക് പണം നൽകിയെങ്കിലും ഇവർ പണം വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു എന്ന് കൃഷ്‌ണൻ പറഞ്ഞു. പണം വാങ്ങാൻ നിർബന്ധിച്ചപ്പോൾ തങ്ങൾക്കും രക്ഷിതാക്കളുണ്ടെന്ന മറുപടിയാണ് പൊലീസുകാർ നൽകിയത് എന്നും കൃഷ്‌ണൻ പറയുന്നു. അതേസമയം തങ്ങളെ സഹായിച്ച പൊലീസുകാരോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: പതിവിന് മുടക്കമില്ല, ലോക്ക്ഡൗണിലും തെരുവിലെ പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും അന്നം നൽകി അബ്‌ദു