മലപ്പുറം: കണ്ണടച്ച് തുറക്കുന്ന നിമിഷ നേരത്തിനുള്ളില്‍ സര്‍വ്വതും നഷ്ടമായ കവളപ്പാറയില്‍ സമരപ്പന്തല്‍ ഉയര്‍ന്നു. കവളപ്പാറ ഉരുൾപൊട്ടൽ കഴിഞ്ഞ് നാല് മാസമായിട്ടും പുന:രധിവാസ ശ്രമങ്ങൾ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദുരന്തഭൂമിയിൽ പന്തൽ കെട്ടി സമരം ആരംഭിച്ചത്. ദുരന്തബാധിതരുടെ കൂട്ടായ്‌മ രാവിലെ തുടങ്ങിയ സൂചനാസമരം വൈകീട്ട് അവസാനിച്ചു.
ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ദുരിതബാധിതരും തദ്ദേശവാസികളും ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം നടത്തിയത്. ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ സഹായിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. മരിച്ച 59 പേരുടെ ബന്ധുക്കളും നാട്ടുകാരുമാണ് സമരപ്പന്തലിലെത്തിയത്.