മലപ്പുറം : കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ദേശീയ ധന സമ്പാദന പൈപ്പ് ലൈൻ പദ്ധതി പ്രകാരം കോഴിക്കോട് വിമാനത്താവളം പാട്ടത്തിനെടുക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യുമെന്ന മാധ്യമ റിപ്പോർട്ടുകൾ ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
വിമാനത്താവളത്തിന്‍റെ ഭാവി സാധ്യതകൾക്ക് ഈ നീക്കം ഒട്ടും നല്ലതല്ല. സംസ്ഥാനത്തെ പിപിപി മാതൃകയിൽ നിർമിച്ച രണ്ടാമത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കമ്മിഷൻ ചെയ്‌തിട്ടും കരിപ്പൂര്‍ വിമാനത്താവളം ഉയർച്ചയുടെ പാതയിലാണ്.
2018-19 സാമ്പത്തിക വർഷത്തിൽ 27,48,275 അന്താരാഷ്ട്ര യാത്രക്കാരും 6,12,579 ആഭ്യന്തര യാത്രക്കാരും കരിപ്പൂർ വിമാനത്താവളത്തിന്‍റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
2017-18 ലെ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഏഴ് ശതമാനം വർധനയുണ്ടായി. വിമാനത്താവളത്തിന്‍റെ മൊത്തം വരുമാനം 250 കോടിയാണ്.
അതിൽ ഗണ്യമായ ഭാഗവും ലാഭമായിരുന്നു. നിലവിൽ വിമാനത്താവളത്തിൽ 240 ജീവനക്കാരുണ്ട്. ഈ വസ്‌തുതകള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.