മലപ്പുറം: ജോസ് കെ മാണിക്ക് എൽഡിഎഫിൽ അധികകാലം തുടരാനാവില്ലന്ന് യുഡിഎഫ് കൺവീനർ എംഎം ഹസന്‍. കെഎം മാണിക്ക് സാധിക്കാത്തത് ജോസിന് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ലീഗ് നേതാക്കളുമായി പാണക്കാട് നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം.
കക്ഷികൾ എൽഡിഎഫില്‍ ചേരുന്നത് കടലിൽ കായം കലക്കുന്നത് പോലെയാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും അതുകൊണ്ടാണ് ലീഗിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ ഫലം കാണാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
80-തിൽ കെഎം മാണിയെയും എകെ ആന്‍റണിയേയും എകെജി സെന്‍ററിലേക്ക് റെഡ് കാർപ്പറ്റ് വിരിച്ച് സ്വീകരിച്ചത് ഓർക്കുമ്പോൾ ജോസിനെ സ്വീകരിച്ചത് അത്ഭുതമായി തോന്നുന്നില്ല. മാണിക്ക് പുറത്ത് ചാടാൻ രണ്ട് വര്‍ഷമെടുത്തെങ്കിൽ ജോസിന് അത്രയും വേണ്ടിവരില്ലെന്നും ഹസ്സൻ പറഞ്ഞു.
വരുന്ന നാളുകളിൽ യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി വീശുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഈമാസം 23 കക്ഷി നേതാക്കളുടെ യോഗം ചേരും. യുഡിഎഫ് ജില്ലാ കമ്മിറ്റികളിൽ മാറ്റം വരുത്തിയതായും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അറിയിച്ചു.