മലപ്പുറം: കടലാക്രമണത്തെ പ്രതിരോധിക്കാൻ പൊന്നാനിയിൽ ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തികൾ തുടങ്ങി. പൊന്നാനി മണ്ഡലത്തിലെ കാപ്പിരിക്കാട്, മരക്കടവ്, തീരങ്ങളിലാണ് ജിയോ ട്യൂബ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ട്യൂബുകളുടെ സ്റ്റിച്ചിങും ബാഗുകളിൽ മണൽ നിറക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയായി.
കടൽഭിത്തിക്ക് പകരമായാണ് പരിസ്ഥിതി സൗഹൃദമായ ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നത്. പ്രത്യേകതരം ബാഗിൽ മണൽ നിറച്ചാണ് ജിയോ ട്യൂബുകള്‍ തയ്യാറാക്കുന്നത്. 82 മീറ്ററിൽ 10 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ജിയോ ബാഗ് സ്ഥാപിക്കുന്നത്. ഛത്തീസ്‌ഗഡിൽ നിന്നാണ് ജിയോ ബാഗുകൾ പൊന്നാനിയിൽ എത്തിച്ചത്. ജിയോ ഫാബ്രിക് ഫിൽട്ടർ സ്ഥാപിച്ചതിന് ശേഷം ഇതിന്‍റെ മുകളിലായാണ് ജിയോ ഓവൻ ബാഗുകൾ സ്ഥാപിക്കുന്നത്. കടലാക്രമണം നിയന്ത്രിക്കുകയെന്നതിന് പുറമേ തീരത്തു നിന്നുള്ള മണൽ നഷ്ടവും ജിയോ ട്യൂബുകൾ തടയുന്നു.