മലപ്പുറം: ജില്ലയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 51 പേരിൽ 27 പേർക്കും രോഗം ബാധിച്ച് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 24 പേർ പൊന്നാനി സ്വദേശികളാണ്. രോഗവ്യാപനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ഇവർ പോസിറ്റീവ് ആണെന്നത് സ്ഥിരീകരിച്ചത്. ഇതും ആശങ്ക വർധിപ്പിക്കുന്നതാണ്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
വിദേശരാജ്യങ്ങളിൽ നിന്നും എത്തിയ 19 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ അഞ്ച് പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആയി. ഉറവിടം കണ്ടത്താൻ കഴിയാത്ത കേസുകളും കൊവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നതും വലിയ ആശങ്ക ഉയർത്തുന്നുണ്ട്. അതേസമയം ഷാർജയിൽ നിന്നെത്തി വീട്ടിൽ ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന 48 കാരനെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താനൂർ ഓലപീടിക ഇരട്ടക്കുളം അരിപുറത്ത് സുരേന്ദ്രനാണ് മരിച്ചത്. വീട്ടുകാർ ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്രവം പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ഫലം കിട്ടിയതിന് ശേഷമായിരിക്കും സംസ്കാരം നടത്തുക. ജില്ലയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പുതിയ കൊവിഡ് ആശുപത്രികൾ ആരംഭിക്കാനും നിലവിലുള്ള ആബുലൻസുകളുടെ എണ്ണം വർധിപ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.