മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് 10,834 പേര്‍ക്ക് അവസരം ലഭിച്ചു. അപേക്ഷകരുടെ നറുക്കെടുപ്പ് കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ ഹജ്ജ് - വഖഫ് കാര്യ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു. ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായി മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. ഈ വര്‍ഷം മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിന് പുറമെ കൊച്ചിയിലും കണ്ണൂരിലും പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ടാവും. നേരത്തെ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ മാത്രമാണ് പാസ്‌പോര്‍ട്ടുകള്‍ സ്വീകരിച്ചിരുന്നത്. പാസ്‌പോര്‍ട്ട് സ്വീകരണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചത് വിവിധ ജില്ലകളിലെ തീര്‍ഥാടകര്‍ക്ക് ഉപകാരപ്രദമാവുമെന്നും മന്ത്രി പറഞ്ഞു.
70 വയസിന് മുകളില്‍ പ്രായമുള്ള 1,095 അപേക്ഷകര്‍ക്കും പുരുഷന്‍മാരില്ലാതെ സ്ത്രീകളുടെ സംഘമായി തീര്‍ഥാടനത്തിന് അവസരം ലഭിച്ച 45 വയസ് കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തില്‍ 1,737 അപേക്ഷകര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് നേരിട്ട് അവസരം ലഭിച്ചു. 26,064 അപേക്ഷകളാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതില്‍ നേരിട്ട് അവസരം ലഭിച്ച വിഭാഗങ്ങള്‍ക്ക് പുറമെ 23,232 അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 8002 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം ലഭിച്ചത്. ബാക്കിവന്ന 15, 230 അപേക്ഷകരില്‍ നിന്നു വെയ്റ്റിങ് ലിസ്റ്റിലേക്കുള്ള നറുക്കെടുപ്പും നടന്നു. ഹജ്ജിന് നേരിട്ടും നറുക്കെടുപ്പിലൂടെയും അവസരം ലഭിച്ചവര്‍ക്ക് മലയാളത്തിലുള്ള എസ്.എം.എസ് വഴി സംസ്ഥാന ഹജ്ജ് കമ്മറ്റി വിവരം നല്‍കും. ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറമെ നെടുമ്പാശ്ശേരി വിമാനത്താവളവും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണം ഇത്തവണ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ അപേക്ഷകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനം ഇത്തവണ നാലാം സ്ഥാനത്താണ്. അപേക്ഷകര്‍ കുറഞ്ഞതോടെ സംസ്ഥാനത്തിന് ലഭിച്ച ക്വാട്ടയിലും കുറവുവന്നു. ആകെ ലഭിച്ച അപേക്ഷകരില്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര്‍ അപേക്ഷകരായുള്ളത്. 7,767 പേര്‍ ജില്ലയില്‍ നിന്ന് അപേക്ഷ നല്‍കി. 6,027 അപേക്ഷകരുള്ള കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.