മലപ്പുറം: റമദാൻ വന്നതോടെ പഴ വിപണി വീണ്ടും സജീവമായി. കഴിഞ്ഞ തവണ കൊവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും കാരണം മങ്ങലേറ്റ വിപണിയെ ഇക്കുറി പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കച്ചവടക്കാര്‍.
തണ്ണിമത്തൻ, സപ്പോട്ട, ഓറഞ്ച്, പപ്പായ, ആപ്പിൾ, മുന്തിരി, മാമ്പഴം, മൈസൂർ പഴം, നേന്ത്രപ്പഴം എന്നിവയാണ് പഴ വിപണിയിലെ പ്രധാന ഇനങ്ങൾ. ഇതിന് പുറമെ വിദേശ ഇനങ്ങളും വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. വിലക്കുറവുകാരണം തണ്ണിമത്തനാണ് ആവശ്യക്കാർ ഏറെയുള്ളത്. എന്നാൽ റമദാനായെങ്കിലും വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലെന്നാണ് കടക്കാരുടെ അഭിപ്രായം.
മാമ്പഴം- 60 മുതൽ 140, കറുത്തമുന്തിരി- 80 മുതൽ 200, പൈനാപ്പിൾ- 60, നേന്ത്രപ്പഴം- 40 മുതൽ 45, മൈസൂർ പഴം- 20 മുതൽ 30, തണ്ണിമത്തൻ- 18 മുതൽ 20 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വിപണി വില. പൈനാപ്പിളിന് റമദാൻ വന്നതോടെ വില അൽപം ഉയർന്നിട്ടുണ്ട്. കൊവിഡ് രണ്ടാം വ്യാപനം മുന്നിൽക്കണ്ട് അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് കാരണം ഇത്തവണയും കച്ചവടം കുറയുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.